കൽപ്പറ്റ ∙ വയനാട് നെയ്ക്കുപ്പ വനാതിർത്തിയിലെ കാപ്പിക്കുന്നിൽ കൃഷിയിടത്തിൽ പിടിയാനയെ വെടിവെച്ചു കൊന്ന കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കാപ്പിക്കുന്ന് ചെറുവള്ളി വിജയൻ(48), അരിയക്കോട് പ്രദീപ് (34), ബന്ധു അരിയക്കോട് ബാലഗോപാലൻ (49), മുണ്ടക്കുറ്റി എം.ടി.മണി ( 38) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് തോക്ക്, വെടിയുണ്ടകൾ, ഈയക്കട്ടകൾ, കമ്പി, ആയുധങ്ങൾ എന്നിവ കണ്ടെടുത്തു. പ്രതികൾ സ്ഥിരമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും പിടികൂടി.
26 ന് പകലാണ് കാപ്പിക്കുന്നിൽ റിട്ട.അധ്യാപകന്റെ പുരയിടത്തിൽ പിടിയാനയെ വെടിയേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 13 വയസ് പ്രായം വരുന്ന പിടിയാനയെയാണ് പ്രതികൾ വെടിവെച്ചുകൊന്നത്. സ്ഥിരമായി നായാട്ട് നടത്തുന്ന സംഘമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വേട്ടയാടി ഇറച്ചി ഓട്ടോയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കാറുമുണ്ട്. 25 ന് രാത്രി വേട്ടയ്ക്കിറങ്ങിയ സംഘത്തിന് പിടിയാന മാർഗതടസമുണ്ടാക്കിയതാണ് വെടിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകിയെന്ന് വനപാലകർ പറഞ്ഞു.
ഇറച്ചി വിൽപന കൂടാതെ ഇവർക്ക് മദ്യവിൽപനയുമുണ്ട്. ആനയെ കൊന്ന ദിവസം മുണ്ടക്കുറ്റി മണി സംഘത്തിലുണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ മണിയുടെ വീട്ടിൽ നിന്നാണ് വേട്ടയ്ക്കുപയോഗിച്ച പഴയ നാടൻതോക്ക് കണ്ടെടുത്തത്. മണി നേരത്തെയും ഒരു കേസിൽ പ്രതിയാണ്. വനാതിർത്തിയിലെ കർഷകരുടെ വികാരം കണക്കിലെടുത്ത് കൃത്യമായ തെളിവുകളോടെ യഥാർഥ പ്രതികളെ മാത്രമാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സൗത്ത് വയനാട് ഡി.എഫ്.ഒ.അബ്ദുൽ അസീസ്, ചെതലയം റേഞ്ച് ഓഫിസർ സജികുമാർ രയരോത്ത്, ഫോറസ്റ്റർമാരായ മുസ്തഫ സാദിഖ്, ഷാജീവ്, ശശികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.