കൊച്ചി∙ ലഹരിക്ക് അടിമയായ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വീട്ടുകാരെ സഹായിക്കാനെത്തിയ എസ്ഐയെ യുവാവ് ആക്രമിച്ചു. അക്രമ സ്വഭാവം കാണിച്ച വടുതല സ്വദേശി നിഥിൻദേവി (27)നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച നോർത്ത് എസ്ഐ എസ്.സനലിനെയാണ് ആക്രമിച്ചത്.
എസ്ഐയുടെ ദേഹത്ത് ബ്ലേഡ് ഉപയോഗിച്ചു മുറിവേൽപിക്കുകയായിരുന്നു. നിഥിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ സഹായിക്കണമെന്ന വീട്ടുകാരുടെ അഭ്യർഥനപ്രകാരമാണ് എസ്ഐ സനൽ വടുതലയിലെ വീട്ടിലെത്തിയത്. വാഹനത്തിൽ കയറ്റാൻ തുടങ്ങുമ്പോൾ, കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് നിഥിൻ എസ്ഐയുടെ കയ്യിലും കാലിലും മുറിവേൽപിച്ചു.
പരുക്കേറ്റ എസ്ഐയെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഥിനെ ഏറെ പണിപ്പെട്ടു വാഹനത്തിൽ കയറ്റി പൈങ്കുളത്തെ ആശുപത്രിയിലെത്തിച്ചു. എസ്ഐയെ ആക്രമിച്ചതിനു നിഥിനെതിരെ കേസെടുത്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിനു നിധിനെതിരെ പലവട്ടം കേസെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.