പാലക്കാട് ∙ അടുത്തമാസം അവസാനത്തോടെ 16,000 ബസുകളിൽ ജിപിഎസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന വെഹിക്കിൾ ട്രാക്കിങ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് ശ്രമം. ജില്ലാആർടി ഒാഫിസുകളിൽ ഇതിനാവശ്യമായ നടപടി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
വീഡിയോ റെക്കോർഡിങ്, അപകട സൂചന അറിയിക്കുന്നതിന് സ്ത്രീകളുടെ സീറ്റിനുസമീപം പാനിക് ബട്ടണുകൾ, വേഗനിയന്ത്രണം എന്നിവയുൾപ്പെടുന്നതാണ് ട്രാക്കിങ് സംവിധാനം. സിഡാക്കിനാണ് ഒന്നരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാങ്കേതിക ചുമതല. ജില്ലാതലത്തിൽ സംവിധാനം പ്രവർത്തിപ്പിക്കാൻ നോഡൽ ഒാഫിസർമാരെ നിയമിച്ചു. ബസുകളുടെ റൂട്ട് നിരീക്ഷിക്കുന്ന ഡിസ്പ്ലേ സ്ക്രീനുകളും അനുബന്ധ കംപ്യൂട്ടർ സംവിധാനങ്ങളും ആർടി ഒാഫിസിൽ സ്ഥാപിച്ചുതുടങ്ങി.
റൂട്ട് മാപ്പ് കാണിക്കുന്ന ആപ്ലിക്കേഷൻ സ്ഥാപിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഗൂഗിളിന്റെ മാപ്പ് ഉപയോഗിക്കാമെന്ന നിർദ്ദേശമുയർന്നെങ്കിലും അതിനുവേണ്ടിവരുന്ന 60 ലക്ഷം രൂപ ലഭ്യമാക്കുന്നതാണ് തടസമായിരിക്കുന്നത്. ബസുകളുടെ യാത്രാവിവരങ്ങൾ ജിപിഎസ് മുഖേന മോട്ടോർവാഹനവകുപ്പിനും പൊലീസിനും ഒാഫിസിൽ ഇരുന്ന അറിയാൻ കഴിയുമെന്നതാണ് ട്രാക്കിങ് യൂണിറ്റിന്റെ പ്രത്യേകത. ഏതു പ്രദേശത്തുള്ള ബസുകളുടെയും വിവരങ്ങൾ കൃത്യമായി കൺട്രോൾ മുറിയിൽ ലഭിക്കും. അതുവഴി അധികൃതർക്കും ബസുടമകൾക്കും വാഹനത്തിന്റെ നിലവിലുള്ള സ്ഥിതി മനസിലാക്കാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുമെന്നതിനാൽ സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാൻ ഇതു സഹായമാകുമെന്നാണ് വിലയിരുത്തൽ. ട്രാക്കിങ് യൂണിറ്റിന്റെ ചെലവായ 5,000 രൂപ ബസുടമകൾ വഹിക്കണം.
ജില്ലകളിലെ നടത്തിപ്പ് നിരീക്ഷിക്കാൻ തിരുവനന്തപുരത്ത് കേന്ദ്രനിരീക്ഷണ സംവിധാനവും ഒരുക്കുന്നുണ്ട്. വെഹിക്കിൾ ട്രാക്കിങ് യൂണിറ്റ് ഘടിപ്പിക്കുന്ന ബസുകൾക്ക് വേഗനിയന്ത്രണമുളള റോഡുകളിലെത്തിയാൽ സ്വയം വേഗം നിയന്ത്രിക്കാനാകും. വേഗപൂട്ടുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ പലതും അമിതവേഗത്തിനവേണ്ടി അതു തകരാറിലാക്കുന്ന സ്ഥിതിയുണ്ട്. എന്നാൽ ട്രാക്കിങ് യൂണിറ്റുകളിൽ ഇത്തരത്തിൽ കേടുവരുത്തിയാൽ അധികൃതർക്ക് ഉടൻ വിവരം ലഭിക്കും. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് വാഹനത്തിന്റെ വേഗം അധികൃതർക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത.
വാഹനങ്ങളിലെ കുറ്റകൃത്യങ്ങൾ തടയുക, വേഗം നിയന്ത്രിക്കുക, വാഹനാപടകങ്ങൾകുറയ്ക്കുക, എന്നിവയും പദ്ധതി ലക്ഷ്യങ്ങളാണ്. വാഹനം ഉപയോഗിക്കുന്ന രീതിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഈപദ്ധതിയിലൂടെ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ.