കൊച്ചി ∙ മാധ്യമങ്ങൾക്ക് ഹൈക്കോടതിയിൽ കയറുന്നതിന് വിലക്കില്ല. കോടതി മുറികളിൽ കയറാമെന്നും വാർത്തകൾ ശേഖരിക്കാമെന്നും ഹൈക്കോടതി റജിസ്ട്രാർ ജനറൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വേഗത്തിലും എളുപ്പത്തിലും വാർത്തകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രിമീകരണങ്ങൾ മാധ്യമബന്ധ കമ്മിറ്റി തന്നെ ആലോചിക്കും. റിപ്പോർട്ടിങ് സുഗമമാക്കാൻ മാർഗനിർദേശങ്ങൾ തയാറാക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മാധ്യമപ്രവർത്തകർ ചേംബറിലും സ്റ്റെനോപൂളിലും കയറ്റുന്നതിൽ തീരുമാനം ജഡ്ജിമാരുടേതാണ്. ഒാരോ ജഡ്ജിമാർക്കും വ്യക്തിപരമായി ഇക്കാര്യം തീരുമാനിക്കാം. സുതാര്യതയോടെ തന്നെ കാര്യങ്ങൾ ചെയ്യാമെന്നാണ് പറയുന്നത്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കോടതി സംബന്ധിച്ച കാര്യങ്ങൾക്ക് കോടതിയിൽ എത്തുന്നതിൽ യാതൊരു വിലക്കുമില്ലെന്നും തടസങ്ങൾ ഉണ്ടാകില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ആക്ടിങ് ചീഫ് ജസ്റ്റിസും മാധ്യമബന്ധ കമ്മിറ്റിൽ ഉൾപ്പെട്ട ജഡ്ജിമാരും അടങ്ങിയ യോഗത്തിൽ എടുത്ത തീരുമാനമാണ് റജിസ്ട്രാർ വാർത്താകുറിപ്പിലൂടെ അറിയിച്ചത്. തൊട്ടടുത്ത ദിവസം മുതൽ മാധ്യമപ്രവർത്തകർക്ക് ഹൈക്കോടതിയിൽ എത്തുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്യാം.