പാലക്കാട് ∙ ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നു രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ബാലവകാശ കമ്മിഷൻ റെയിൽവേ പൊലീസിനു നിർദേശം നൽകി.
കേസ് നടപടികൾ പൂർത്തിയാക്കിയശേഷമേ കുട്ടികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാവൂ എന്നു കമ്മിഷൻ ഉത്തരവു നൽകി. സംഭവം മനുഷ്യക്കടത്താണെന്നു ബോധ്യമായതായും കുട്ടികളെ ജോലിക്കു അയച്ചതു രക്ഷിതാക്കളാണോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും കമ്മിഷൻ അംഗംങ്ങളായ ബാബു നരിക്കുനി, ഗ്ലോറി ജോർജ് എന്നിവർ പറഞ്ഞു. കഴിഞ്ഞമാസം 30നാണ് ഷൊർണൂർ ആർപിഎഫ് രേഖകളില്ലാതെ എത്തിയ കുട്ടികളുൾപ്പെടെ 36 ഇതര സംസ്ഥാനക്കാരെ കസ്റ്റഡിയിലെടുത്തത്.
പാലക്കാട് ജില്ലാ വനിതാ, ശിശു ആശുപത്രിക്കു മുന്നിലെ അനധികൃത കടകളും വാഹന പാർക്കിങ്ങും ഒഴിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും കമ്മിഷൻ നിർദേശം നൽകി. അനധികൃത കച്ചവടക്കാരും വാഹന പാർക്കിങ്ങും മൂലം രോഗികൾ ദുരിതമനുഭവിക്കുന്നതായി കാണിച്ച് ഒട്ടേറെ പരാതികൾ കമ്മിഷനു ലഭിച്ചിരുന്നു. കുട്ടികൾക്കു ഭീഷണിയാകുന്ന തരത്തിലുള്ള എന്തു പ്രവൃത്തികൾ കണ്ടാലും കർശന നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു.
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഇരുമ്പുരുക്കു ഫാക്ടറിയിൽ നിന്നുള്ള മാലിന്യം സമീപത്തെ സ്കൂളിലേക്കു ഒഴുകുന്നതായുള്ള പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിനോട് നടപടി സ്വീകരിക്കാനും കമ്മിഷൻ നിർദേശം നൽകി.