പാലക്കാട് ∙ ഇതരസംസ്ഥാനത്തു നിന്നു രേഖകളില്ലാതെ സ്ത്രീകളെയും കുട്ടികളെയുമെത്തിച്ച സംഭവത്തിൽ റിമാൻഡിലുള്ള ജാർഖണ്ഡ് സ്വദേശികൾക്കെതിരെ തട്ടികൊണ്ടുപോകലിനും പട്ടികജാതി, വർഗ അതിക്രമത്തിനും കേസെടുത്തേയ്ക്കും. ചൂഷണത്തിനു ഇരയായ ഒഡീഷയിൽ നിന്നുള്ള ആറു പെൺകുട്ടികളും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണെന്ന് രക്ഷിതാക്കൾ ഹാജരാക്കിയ രേഖകളിൽ നിന്നു വ്യക്തമായതോടെയാണ് ഈ നീക്കം.
തങ്ങളുടെ സമ്മതമില്ലാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന് രക്ഷിതാക്കൾ ശിശുക്ഷേമ സമിതി അധികൃതരെ അറിയിച്ചു. ഇതോടെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനു കൂടി കേസെടുക്കാൻ ഷൊർണൂർ റെയിൽവേ പൊലീസ് നടപടി തുടങ്ങിയത്. സംഭവത്തിൽ സംഘത്തിലുണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശികളായ അഞ്ചു പുരുഷൻമാരും ഏജന്റുമാരിലൊരാളായ സ്ത്രീയും റിമാൻഡിലാണ്.
ഒഡീഷയിൽ നിന്നുള്ള ആറു പെൺകുട്ടികളുടെയും രക്ഷിതാക്കളാണ് ഇന്നലെ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരായത്. ഇതിൽ മൂന്നു പേർക്കു 18 വയസ് പൂർത്തിയായതായി രേഖകളിൽ നിന്നു വ്യക്തമായി. കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ശിശുക്ഷേമ സമിതി അധികൃതരും റെയിൽവേ പൊലീസും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഒറിയ ഭാഷ അറിയാവുന്ന ദ്വിഭാഷിയെ കണ്ടെത്തിയാലെ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.. ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ശിശുക്ഷേമ സമിതി അധികൃതരും അടുത്ത ദിവസം പാലക്കാട്ടെത്തുമെന്ന് അറിയുന്നു. കുട്ടികൾ ചൂഷണത്തിനു ഇരയായത് ഒഡീഷയിൽവച്ചാണെങ്കിൽ ഇതുസംബന്ധിച്ച കേസ് ഒഡീഷ പൊലീസിനു കൈമാറും. ജാർഖണ്ഡിൽ നിന്നുള്ള കുട്ടികളുടെ രക്ഷിതാക്കളെയും വിവരമറിയിച്ചിട്ടുണ്ട്.
മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരിക്കുന്ന സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചശേഷമാകും ഇവരെ അതതു സംസ്ഥാനങ്ങളിലേക്ക് അയക്കുകയെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ ഫാ.ഡോ.ജോസ് പോൾ അറിയിച്ചു. മഹിളാ മന്ദിരത്തിലുള്ള സ്ത്രീകളിൽ കുട്ടികളെയെത്തിച്ച കൂടുതൽ ഏജന്റുമാരുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പ്രധാന ഏജന്റ് കേരളത്തിൽ നിന്നു ജാർഖണ്ഡിലേക്കു കടന്നതായും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇയാളെസംബന്ധിച്ചവിവരങ്ങൾ റയിൽവേ പൊലീസ് ജാർഖണ്ഡ് പൊലീസിനു കൈമാറി. ശിശുക്ഷേമ സമിതി യോഗത്തിൽ ശിശുക്ഷേമ സമിതി ചെയർമാൻ ഫാ.ഡോ.ജോസ് പോൾ, സമിതി അംഗം വി.പി.കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞമാസം 30 നാണ് ഷൊർണൂർ ആർപിഎഫ് ഇതരസംസ്ഥാനക്കാരായ 39 പേരെ കസ്റ്റഡിയിലെടുത്തത്
courtesy : manorama online