ന്യൂഡൽഹി ∙ മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനമായ എംടിസിആറിൽ (മിസൈൽ ടെക്നോളജി കൺട്രോൾ റെഷിം) ഇന്ത്യ അംഗമായി. നെതർലൻഡ്സിലെ ഹേഗിൽ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സംഘടന ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ അംഗത്വം ഈ രംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തെ എതിർത്ത ചൈനയ്ക്ക് എംടിസിആറിൽ അംഗത്വമില്ല. 2004ൽ അംഗത്വത്തിനുള്ള ചൈനയുടെ അപേക്ഷ നിരാകരിക്കപ്പെട്ടിരുന്നു.
ഇന്ത്യ–യുഎസ് ആണവക്കരാറിന്റെ ഭാഗമായി 2008 സെപ്റ്റംബറിൽത്തന്നെ എംടിസിആർ അംഗത്വത്തിനായുള്ള മാർഗനിർദേശങ്ങൾ ഇന്ത്യ അംഗീകരിച്ചു നടപ്പാക്കിയിരുന്നു. 2015 ജൂണിൽ അപേക്ഷ നൽകിയെങ്കിലും ഇറ്റലിയുടെ എതിർപ്പു മൂലം അംഗത്വം ലഭിച്ചില്ല. ഇത്തവണ ആരും എതിർത്തില്ല.
അംഗത്വം ലഭിച്ചതോടെ ഇന്ത്യ ആദ്യമായി മിസൈൽ സാങ്കേതികവിദ്യാ കയറ്റുമതി രാജ്യമാകും. ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ മറ്റു രാജ്യങ്ങൾക്കു വിൽക്കാം. മിസൈൽ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങളിൽനിന്നു വാങ്ങാനും യുഎസ് പ്രെഡേറ്റർ പോലുള്ള ആധുനിക ഡ്രോണുകൾ സ്വന്തമാക്കാനും സാധിക്കും.
1987 ൽ ആണ് എംടിസിആർ രൂപീകരിച്ചത്. ഇന്ത്യയുൾപ്പെടെ ഇപ്പോൾ 35 അംഗങ്ങളുണ്ട്. രാസ, ജൈവ, ആണവ ആയുധങ്ങളടക്കം വഹിക്കാൻ ശേഷിയുള്ള മിസൈലുകളും മറ്റും വികസിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
courtsy : manorama online