ഫലൂജ∙ പുറത്തുനിന്നു നോക്കിയാൽ അടുത്തടുത്ത മൂന്നു വീടുകളാണെന്ന് തോന്നും. എന്നാൽ അകത്തേക്ക് കയറിയാൽ ചോര മണക്കുന്ന, രോദനങ്ങൾ ഉയർന്ന, മനസ്സുമടുപ്പിക്കുന്ന ജയിൽ… ഇസ്‍ലാമിക് സ്റ്റേറ്റിൽനിന്നു ഇറാഖി സേന പിടിച്ചെടുത്ത ഫലൂജയിലുള്ള തടവറയുടെ കാഴ്ചയാണിത്. കഴിഞ്ഞ രണ്ടര വർഷമായി ഐഎസിന്റെ കയ്യിലായിരുന്നു ഫലൂജ കഴിഞ്ഞ ദിവസമാണ് ഇറാഖി സേന പിടിച്ചെടുത്തത്.
ഇളംതവിട്ടു നിറത്തിലുള്ള രണ്ടാൾപ്പൊക്കമുള്ള പ്രവേശന കവാടം. അതുകടന്നു ചെല്ലുന്നത് കൊടും ശിക്ഷകൾ നടപ്പാക്കിയിരുന്നിടത്തേക്ക്. ജയിൽ എന്നതിനേക്കാളും മരണമുറിയെന്നു വിശേഷിപ്പിക്കുന്നതാകും നല്ലത്. ഇറാഖി സേന പിടിച്ചെടുക്കുന്നതിനുമുൻപ് എന്താണ് ഫലൂജയിൽ നടന്നിരുന്നത് എന്നതിന്റെ നേർചിത്രമാണത്. ക്രൂരമായി നടപ്പാക്കിയിരുന്ന വധശിക്ഷ, ചമ്മട്ടികൊണ്ടുള്ള അടി, പീഡനങ്ങൾ..
ഇറാഖിലെ ഐഎസിന്റെ പ്രവർത്തനങ്ങൾക്കെല്ലാം വേദിയായിരുന്ന പ്രദേശമായിരുന്നു ഫലൂജ. ഐഎസിന്റെ കയ്യിൽനിന്ന് ആദ്യം നഷ്ടമാകുന്നതും ആ പ്രദേശം തന്നെ. ഇവിടെ നടപ്പാക്കിയിരുന്ന കിരാത ഭരണത്തിന്റെ ബാക്കിപത്രങ്ങളിൽ ഒന്നുമാത്രമാണ് ഈ ജയിൽ.
ബോംബ് നിർമാണ ഫാക്ടറികൾ, ആയുധങ്ങൾ, ജയിലുകൾ, രേഖകൾ, ആയുധങ്ങൾ ഒളിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ അങ്ങനെ നിരവധി കാര്യങ്ങളാണ് ഇവിടെനിന്നും കണ്ടെത്തിയിരിക്കുന്നത്. വ്യോമാക്രമണത്തിൽ തകരാതിരിക്കാൻ ഭൂമിക്കടിയിലാണ് ജയിലുകളിൽ അധികവും. അവിടെ ബന്ദികളുടെ അവസാനശ്വാസം തങ്ങിനിൽക്കുന്നതായി അനുഭവപ്പെടുമെന്ന് ഇറാഖി പൊലീസിന്റെ സ്വാത്ത് വിഭാഗം ഉദ്യോഗസ്ഥൻ കേണൽ ഹൈതം ഖാസി പറഞ്ഞു. സന്ദർശക മുറിയിൽ ഇവിടെ തടവിലാക്കപ്പെട്ടിരുന്നവരുടെ രക്തത്തിന്റെയും മാംസത്തിന്റെയും തീക്ഷണമായ ദുർഗന്ധമാണുള്ളത്.
മെറ്റൽ ഷീറ്റുകൾക്കൊണ്ട് മറച്ച വാതിലുകൾ, കാർപ്പറ്റുകളുടെ ചെറിയ കെട്ടുകൾ, ഷീറ്റുകൾ, കർട്ടനുകൾ, തലയണയ്ക്കുപകരം ഉപയോഗിച്ചിരുന്ന തുണിക്കെട്ടുകൾ.. നിരവധിപ്പേർ ഇവിടെ ബന്ദികളാക്കപ്പെട്ടിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇതെല്ലാം.
ഐഎസ് നിയമങ്ങൾ ലംഘിച്ചതിനും മോഷണത്തിനും ചെറിയ കുറ്റകൃത്യങ്ങൾക്കുമാണ് (പുകവലി, വേഷവിധാനങ്ങളിൽ തെറ്റുവരുത്തുക) പലരും ശിക്ഷിക്കപ്പെട്ടിരുന്നതെന്ന് കണ്ടെടുത്ത രേഖകളിൽനിന്ന് വ്യക്തമാണെന്ന് ഖാസി പറഞ്ഞു. തെരുവിലേക്ക് കടക്കാതെ വീടുകളിൽനിന്ന് വീടുകളിലേക്ക് മാറുന്നതിനായി പൂന്തോട്ടത്തോട് ചേർന്ന് തുരങ്കം നിർമിച്ചിരുന്നു.
ഏറ്റവും കഠിനമായ ശിക്ഷകൾ നടപ്പാക്കിയിരുന്നത് മൂന്നാമത്തെ വീട്ടിലായിരുന്നു. കഠിനമായ മെറ്റൽ ചെയിൻ ഘടിപ്പിച്ച ആയുധവും ഇവിടെനിന്ന് കണ്ടെത്തി. ബന്ദികളുടെ കാലുകളിൽ ഇവ ഘടിപ്പിക്കുന്നതിനൊപ്പം അവയുപയോഗിച്ച് മർദിക്കുകയും ചെയ്യും. ഒന്നു ശ്വാസമെടുക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള സെല്ലുകളാണ് ഇവിടെയുണ്ടായിരുന്നത്. സെല്ലുകൾക്ക് ആകെയുണ്ടായിരുന്നത് ചെറിയൊരു ജനൽമാത്രമാണ്.
courtsy : manorama online