പാലക്കാട്∙ പാലക്കാട്ടുനിന്ന് കാണാതായ യുവാക്കൾക്ക് ലഹരികടത്തു സംഘവുമായി ബന്ധമുണ്ടായിരുന്നതായും വിവരം. ഇതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടും കാര്യമായ അന്വേഷണം നടന്നില്ല. കാസർകോട്, ബെംഗളൂരു കേന്ദ്രമാക്കിയ സംഘങ്ങളാണ് യുവാക്കളെ നിയന്ത്രിച്ചിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ബക്സൻ എന്ന ഇൗസയും ബെസ്റ്റിൻ എന്ന യഹിയയും വീടുമായി ഏറെ അകന്നാണ് കഴിഞ്ഞിരുന്നത്. ബെംഗളൂരുവിലെ പഠന കാലത്തുതന്നെ ബെസ്റ്റിന് കാസർകോട്, മുംബൈ ബന്ധമുളള സൗഹൃദങ്ങളുണ്ടായിരുന്നു. പഠനകാലത്തുതന്നെ ബക്സൻ ലഹരിമരുന്നുപയോഗിക്കുന്നതായി കുടുംബത്തിന് അറിയാം. ലഹരികടത്ത് സംഘവുമായുളള ബന്ധത്തെക്കുറിച്ച് ഒന്നരവർഷം മുൻപ് പാലക്കാട് സൗത്ത് പൊലീസിനു കൃത്യമായ വിവരവും ലഭിച്ചിരുന്നു. എന്നാൽ യുവാക്കൾ താമസിക്കുന്ന യാക്കരയിലെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് അന്ന് തെളിവുകിട്ടാതെ തിരികെ പോന്നു. തുടരന്വേഷണവും ഉണ്ടായില്ല. പിന്നീട് ബെസ്റ്റിനാണ് സഹോദരൻ ബക്സനെയും ഇസ്‌ലാംമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. യുവാക്കളെക്കുറിച്ചുളള പലവിവരങ്ങളും അന്വേഷണ ഏജൻസികൾ ചികഞ്ഞെടുക്കുകയാണ്.
അതേസമയം വിവരങ്ങൾ തുറന്നുപറയുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാകുമോയെന്ന ആശങ്കയാണ് രക്ഷിതാക്കൾക്കും ബന്ധുക്കൾക്കുമുള്ളത്. യുവാക്കൾക്ക് താടിനീട്ടി വളർത്തിയ നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇവരിൽ ചിലരെ മാത്രമാണ് കാണാതായിരിക്കുന്നത്. മറ്റുള്ളവർ ഇപ്പോഴും സമീപത്തുതന്നെയുണ്ട്. അവരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമോയെന്ന ഭയത്തിലാണ് ബന്ധുക്കളടക്കമുള്ളവർ.
courtesy : manorama online