ജിദ്ദ∙ നാലു മണിക്കൂർ മുൻപെത്തുന്ന യാത്രക്കാരെ മാത്രമേ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്നു അധികൃതർ അറിയിച്ചു. എന്നാൽ, കുട്ടികൾ, പരസഹായം വേണ്ടവർ, വയോധികർ എന്നിവർക്ക് ഇൗ നിയമത്തിൽ ഇളവുണ്ട്. യാത്രാ നടപടികൾ പൂർത്തീകരിക്കാൻ ഇത്തരം യാത്രക്കാരെ ഒരാൾക്ക് സഹായിക്കാം.
അതേസമയം, വിമാനത്താവളത്തിൽ അൽ മുസാഫിരീൻ സംവിധാനത്തിന് അംഗീകരമായി. നേരത്തെ പെരുനാൾ ദിനങ്ങളിൽ നടത്തിയ പരീക്ഷണം വിജയമാതിനെ തുടർന്നാണ് സംവിധാനം പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയത്. യാത്രാ സമയത്തിന് വളരെ മുൻപേ യാത്രക്കാർ ലോഞ്ചിൽ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാൻ ഇൗ സംവിധാനം സഹായമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പലപ്പോഴും മൂന്നിരട്ടിയോളം യാത്രക്കാരാണ് ലോഞ്ചിലെത്തുന്നത്. അൽ മുസാഫിരീൻ സംവിധാനം വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് സഹായകമാകുമെന്നും പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ കുറയാൻ വഴിയൊരുക്കുമെന്നും അധികൃതർ പറഞ്ഞു.