ശ്രീനഗർ∙ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാനിയുടെ വധത്തെത്തുടർന്ന് ശ്രീനഗറിലും ദക്ഷിണ കശ്മീരിലും അക്രമം. പ്രദേശവാസികൾ പൊലീസിനു നേരെ കല്ലെറിഞ്ഞു. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഇരുപത്തിയഞ്ചോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇതിൽ അഞ്ചുപേരുടെ നില അതീവഗുരുതരമാണ്. സ്ഥലത്ത് നിരോധനാജ്ഞയുണ്ട്. അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. സ്കൂളുകളിലെ ബോർഡ് പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കശ്മീരിലെ മൊബൈൽ ഇന്റർനെറ്റ് സേവനം തടഞ്ഞു. ബാരാമുള്ളയിൽനിന്നുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി.
സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പോസ്റ്റുകൾ, കുൽഗാമിലെ ബിജെപി ഒാഫീസ് എന്നിവയ്ക്കു നേരെ ആക്രമണമുണ്ടായി. വിഘടനവാദികൾ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാനി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിനത്തുടർന്ന് കശ്മീരിൽ പ്രതിഷേധം ശക്തമായിരുന്നു. രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി.