ഒരൊറ്റ സെക്കൻഡിലെ പാളിച്ച മതിയായിരുന്നു, 113 കോടിയിലേറെ ഡോളർ ചെലവിട്ടു തയാറാക്കിയ പദ്ധതിയും അഞ്ചു വർഷത്തെ കാത്തിരിപ്പും തകർന്നടിയാൻ. പക്ഷേ ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകൾക്കൊപ്പം നിന്നു ‘ജൂണോ’ പേടകം. സൗരയൂഥത്തിലെ ഭീമൻ ഗ്രഹമായ വ്യാഴത്തിന്റെ രഹസ്യങ്ങൾ കണ്ടെത്താനായി നാസ അഞ്ചു വർഷം മുൻപ് അയച്ച ബഹിരാകാശ പേടകം ‘ജൂണോ’ ഭ്രമണപഥത്തിലെത്തിയിരിക്കുന്നു. ജൂലൈ അഞ്ചിന് ഇന്ത്യൻ സമയം രാവിലെ ഒൻപതിനുശേഷമായിരുന്നു ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ആ നിർണായകനിമിഷം. അതും വ്യാഴത്തിൽ നിന്ന് അതീവവേഗതയിൽ തുടരെത്തുടരെ വന്നു കൊണ്ടിരിക്കുന്ന റേഡിയേഷൻ ‘വെടിയുണ്ടകളെ’ അതിജീവിച്ചു കൊണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ‘സ്പെയ്സ് ഈവന്റ്’ എന്നാണ് ഗവേഷകലോകം ഈ നിമിഷത്തെ വിശേഷിപ്പിച്ചത്.