പത്തനംതിട്ട ∙ കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ടു. ചരൽക്കുന്നിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒരു മുന്നണിയോടും ചേരാതെ സ്വതന്ത്രമായി നിൽക്കുമെന്ന് ചെയർമാൻ കെ.എം.മാണി പറഞ്ഞു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും. താഴേത്തട്ടുമുതൽ പാർട്ടി പുനഃസംഘടിപ്പിക്കും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും. പാർലമെന്റിൽ പ്രശ്നാധിഷ്ഠിത സമീപനം സ്വീകരിക്കും. തദ്ദേശസ്ഥാപനകളിൽ നിലവിലെ സ്ഥിതി തുടരും. പാർട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനാണു തീരുമാനം. യുഡിഎഫിൽ തിരിച്ചുവരുമെന്ന ചിന്ത പോലും തങ്ങൾക്കില്ലെന്നും മാണി പറഞ്ഞു.
പാർട്ടിയേയും തന്നേയും അപമാനിക്കാൻ മനഃപൂർവ്വം പ്രവർത്തിച്ചു. കോൺഗ്രസ് നേതൃത്വത്തിലെ ചില വ്യക്തികളാണ് ഇതിനുപിന്നിൽ. മുന്നണി വിടുന്നതിനുള്ള തീരുമാനം കുറച്ചുനേരത്തെ എടുക്കേണ്ടതായിരുന്നു. പാർട്ടിയെ ദുർബലപ്പെടുത്താൻ പ്രത്യേക ഫണ്ടുപോലും നൽകി. ആരെയും ശപിച്ചല്ല പോകുന്നത്. കോൺഗ്രസിന് നന്മ വരും. യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്ഠേനയാണ് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചത്.
യുഡിഎഫ് വിട്ടേക്കുമെന്ന സൂചന ഇന്നലെത്തന്നെ കെ.എം. മാണി നൽകിയിരുന്നു. കോൺഗ്രസിനോടും സിപിഎമ്മിനോടും സമദൂരമാണെന്നും പ്രശ്നാധിഷ്ഠിത രാഷ്ട്രീയമായിരിക്കും ഇനി പാർട്ടിനയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി മുന്നണിയിൽ നിലനിൽക്കുന്ന ബാർ കോഴയടക്കമുള്ള പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കു കേരള കോൺഗ്രസിനെ എത്തിക്കുന്നത്.
പാലായിൽ മാണിയെ തോൽപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും പൂഞ്ഞാറിൽ പി.സി.ജോർജിനു സഹായം നൽകിയെന്നും ചരൽക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്യാംപിൽ നേതാക്കൾ ആരോപിച്ചിരുന്നു.