അഞ്ചു കോടിയുടെ മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

220

ജമ്മു ∙ അഞ്ചു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി നാലു പേർ ജമ്മുവിൽ പിടിയിലായി. നവാഫ് ഖാൻ, മുഹമ്മദ് അജ്മൽ റോഷൻ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. ജമ്മുവിലെ രജൗരി ജില്ലയിൽ താമസിക്കുന്ന മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാൽ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.

മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാൽ എന്നിവരിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നതിനാണ് മലയാളികളായ നവാഫ് ഖാനും മുഹമ്മദ് അജ്മലും ജമ്മുവിൽ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്നും ശേഖരിക്കുന്ന മയക്കുമരുന്ന് ഡൽഹിയിൽ എത്തിക്കാനാണ് മലയാളികൾക്ക് ലഭിച്ച നിർദേശമെന്നും ജമ്മു സിറ്റി എസ്പി വിനോദ് കുമാർ പറഞ്ഞു.

കുവൈത്തിലുള്ള ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ ഖാൻ, റോഷൻ എന്നിവർക്ക് സാധനം കൈമാറാനാണ് നിർദേശം ലഭിച്ചതെന്നും ജമ്മു നിവാസികളായ മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാൽ എന്നിവർ പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിലുള്ള വ്യക്തിക്ക് സാധനം കൈമാറാനാണ് ലഭിച്ച നിർദേശമെന്നാണ് മലയാളികളുടെ മൊഴി.

ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പിന്തുടരുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചത് ആർക്കുവേണ്ടിയാണ് ഇത് കൊണ്ടുപോയത് തുടങ്ങി നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറ‍ഞ്ഞു. പിടിയിലായവരിൽ നിന്നും നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

NO COMMENTS

LEAVE A REPLY