കോട്ടയം ∙ ബാര്‍കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നു കെ.എം. മാണി. റിപ്പോർട്ട് പുറത്തുവിട്ടാല്‍ അത് യുഡിഎഫിന്റെ നിലനിൽപ്പിനെ ബാധിക്കും. വിവരങ്ങള്‍ പാര്‍ട്ടിക്കു മനസ്സിലാക്കാന്‍ വേണ്ടിയാണ് അന്വേഷണം നടന്നത്. ആരോപണത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ പാര്‍ട്ടിക്ക് അറിയാം. കോടതി പരിഗണിക്കുന്ന വിഷയമാണിതെന്നും ഇതില്‍ കോടതി തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്റ്റീയറിങ് കമ്മിറ്റി യോഗത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ, ബാര്‍കോഴ ആരോപണം അന്വേഷിച്ച സി.എഫ്. തോമസിന്റെ റിപ്പോര്‍ട്ട് സ്റ്റീയറിങ് കമ്മിറ്റിയുടെ അജന്‍ഡയിലില്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. എന്നാൽ, അന്വേഷണ റിപ്പോര്‍ട്ട് അടക്കം എല്ലാ വിഷയങ്ങളും സ്റ്റീയറിങ് കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് കോട്ടയത്തു പറഞ്ഞത്. ഇതു മാധ്യമങ്ങൾക്ക് മുന്നിൽ ആദ്യം ചർച്ചചെയ്യുന്നതു ജനാധിപത്യപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.