തിരുവനന്തപുരം∙കേരള കോൺഗ്രസ് (എം) യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തിൽനിന്നും വിട്ടുനിൽക്കുന്നു. വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിനു വരില്ലെന്നാണു പാർട്ടി ചെയർമാൻ കെ.എം.മാണി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം, ബാർ കോഴ കേസുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടർന്നാണു മാണി വിട്ടുനിൽക്കുന്നതെന്നാണു സൂചന.
മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഇന്നു യോഗം വിളിച്ചത്. തർക്കങ്ങൾ മാറ്റിവച്ചു പ്രതിപക്ഷം എന്ന നിലയിൽ യോജിച്ചുനീങ്ങുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
ബാർ കോഴക്കേസിൽ മാണിയെ കുടുക്കുകയായിരുന്നുവെന്ന് കേരള കോൺഗ്രസ് (എം) നേരത്തെ ആരോപിച്ചിരുന്നു. ആരാണിതിനു പിന്നിലെന്ന് അറിയാമെന്നും എന്നാൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാൽ ആരുടെയും പേര് പുറത്തു പറയുന്നില്ലെന്നുമായിരുന്നു മാണിയുടെ പ്രതികരണം. ഇതേത്തുടർന്ന് മുന്നണി വിടണമെന്നുവരെ കേരള കോൺഗ്രസ് യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു.