തിരുവനന്തപുരം∙ കേരള കോൺഗ്രസ് (എം) നേതാവ് കെ.എം.മാണിയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. തന്നെ ആരും ശത്രുവായി കണ്ടിട്ടില്ല. മാണിയോടു സംസാരിക്കാൻ തയാറാണെന്നും ചെന്നിത്തല പറഞ്ഞു. കെ.എം.മാണി യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞു. അദ്ദേഹം ഉന്നയിക്കുന്ന പ്രശ്നങ്ങളെ സമീപിക്കുന്നതും അത്തരത്തിലാണ്. മറിച്ചുള്ള അഭിപ്രായങ്ങൾ കോൺഗ്രസിന്റേതല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
നേരത്തെ കേരള കോൺഗ്രസുമായുള്ള പ്രശ്നപരിഹാരത്തിനായി രമേശ് ചെന്നിത്തല കെ.എം.മാണിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ മാണി സംസാരിക്കാൻ തയാറായില്ല. ഞായറാഴ്ച ഫോണിൽ വിളിച്ചപ്പോഴാണു രമേശിനോടു സംസാരിക്കാൻ മാണി തയാറാകാതിരുന്നത്. ഫോണെടുത്ത സഹായി, മാണി ധ്യാനത്തിനു പോയിരിക്കുകയാണെന്നാണു പറഞ്ഞത്. കാണാൻകൂടി ഉദ്ദേശിച്ചാണു വിളിച്ചതെന്നു രമേശ് അറിയിച്ചു. തിരിച്ചുവിളിക്കാമെന്ന മറുപടി ലഭിച്ചുവെങ്കിലും അതുണ്ടായില്ല. അനുരഞ്ജനത്തിനു താൻ മുൻകൈ എടുക്കുന്നില്ലെന്ന പ്രതീതി ഒഴിവാക്കാനാണു രമേശ് ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തോടുള്ള അതൃപ്തി തന്നെയാണു മാണി പ്രകടിപ്പിച്ചത്.
അതേസമയം, ബാർ കോഴക്കേസ് മാത്രമല്ല പ്രതിഷേധത്തിനു കാരണമെന്ന് ജനറൽ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി പറഞ്ഞു. കാലങ്ങളായി ഉന്നയിച്ച പ്രശ്നങ്ങളുണ്ട്. ഇതിലൂടെ സ്വാഭാവികമായി ഉയർന്ന പ്രശ്നങ്ങളാണ് അസംത്യപ്തിക്കു കാരണം. പാർട്ടിയെ തകർക്കാൻ ശ്രമം നടന്നു. ഘടകകക്ഷി എന്ന നിലയിലും അവഗണന നേരിട്ടുവെന്നും പുതുശ്ശേരി പറഞ്ഞു.
കഴിഞ്ഞ ദിവസം കോട്ടയത്തു ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ മുന്നണിയിൽനിന്നു മാറേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുന്നാൽ മതിയെന്നാണു തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വതന്ത്ര നിലപാട് എടുത്തു മുന്നോട്ടുപോകുന്നതാണു പാർട്ടിയെ ശക്തിപ്പെടുത്താൻ നല്ലതെന്നായിരുന്നു ജില്ലാ കമ്മിറ്റികളുടെ നിലപാട്. ചരൽക്കുന്നിൽ നാളെ തുടങ്ങുന്ന സംസ്ഥാന ക്യാംപിൽ കടുത്ത തീരുമാനം ഉണ്ടാകുമെന്ന സൂചനയാണു മാണി നൽകുന്നത്.
മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെയും ഉമ്മൻ ചാണ്ടിയെയുമാണ് യുഡിഎഫ് അനുരഞ്ജന ശ്രമങ്ങൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.