കൊല്ലം ∙ കലക്ടറേറ്റ് സ്ഫോടനത്തിനു പിന്നിൽ സംസ്ഥാനത്തിനു പുറത്ത് പ്രവർത്തിക്കുന്ന മതതീവ്രവാദ സംഘടന. സ്ഫോടനം നടത്തിയത് ഇവരാണെന്നതിന്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് സ്ഫോടനമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ജൂൺ 15ന് രാവിലെ കലക്ടറുടെ ഓഫിസിനു പിന്നിൽ 50 മീറ്റർ അകലെ അഡീഷനൽ മുൻസിഫ് കോടതിക്കു മുന്നിൽ ഉഗ്രശബ്ദത്തോടെയും തീവ്രപ്രകാശത്തോടെയും സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്. ഇതിന്റെ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. മത തീവ്രവാദ സ്വഭാവമുള്ള സംഘടയാണ് സ്ഫോടനം നടത്തിയെനന്നതിന്റെ വ്യക്തമായ സൂചനകളാണ് ലഭിച്ചത്. കേരളത്തിൽ പ്രവർത്തിക്കുന്നതോ പ്രവർത്തിച്ചിരുന്നതോ ആയ സംഘടനകളല്ല സ്ഫോടനത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. കലക്ടറേറ്റിലെത്തി സ്ഫോടനം നടത്തിയത് ഇതരസംസ്ഥാനക്കാരനായ അംഗമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ഫോടനത്തിന് പ്രാദേശിക സഹായം ലഭിച്ചോ എന്ന് ഇതുവരെ സ്ഥിരികരിക്കാനായിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലുള്ള പൊലീസ് സംഘം അൻപതോളം പേരെ ചോദ്യം ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളിലേക്ക് കൃത്യമായി എത്താനുകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തനം ബുദ്ധിമുട്ട് ആകുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രവർത്തനം മാറ്റുകയാണ് സ്ഫോടനത്തിന് പിന്നിലുള്ളവരുടെ ലക്ഷ്യം. കേരളത്തിൽ സ്ഫോടനം നടത്തിയാൽ ഏതു രീതിയിലാവും അന്വേഷണം പോവുകയെന്ന് മനസിലാക്കുന്നതിന് കൂടിയാണ് പരുക്കേൽക്കരുത് എന്ന ഉദ്ദേശത്തോടെ സ്ഫോടനം നടത്തിയതെന്നും അന്വേഷണ സംഘം കരുതുന്നു.
അഡീഷനൽ മുൻസിഫ് കോടതിയുടെ മുന്നിൽ 25 മീറ്റർ അകലെ തണൽമരത്തിനു സമീപം നിർത്തിയിട്ടിരുന്ന തൊഴിൽവകുപ്പ് ജീപ്പിന്റെ പിൻഭാഗത്തു ടയറിന്റെയും വൃക്ഷത്തറയുടെയും ഇടയിലാണു ബോംബ് വച്ചിരുന്നത്. സ്ഫോടനശബ്ദം അര കിലോമീറ്റർ അകലെ വരെയെത്തി. സ്റ്റീൽ ടിഫിൻ ബോക്സിൽ മറ്റൊരു ടിഫിൻബോക്സ് വച്ചാണു ബോംബ് നിർമിച്ചത്. പ്രഹരശേഷി കൂട്ടാനായിരുന്നു ഇതെന്നു കരുതുന്നു. ബാഗിൽ കൊണ്ടുവന്ന ബോംബ് നിശ്ചിതസമയത്തിനു ശേഷം പൊട്ടിത്തെറിക്കുന്ന രീതിയിലാണു ക്രമീകരിച്ചിരുന്നത്.
courtesy : manorama online