ചെന്നൈ∙ ശിക്ഷാ കാലാവധി ഇളവു ചെയ്ത് നേരത്തേ മോചിപ്പിക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഇടപടുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് എം.സത്യനാരായണയാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് നളിനിയുടെ അപേക്ഷയുടെ കാര്യം തീരുമാനിക്കാമെന്ന് പറഞ്ഞ് പരാതിയിൽ തീർപ്പുകൽപ്പിച്ചു.
ഭരണഘടനയുടെ 161–ാം അനുഛേദം അനുസരിച്ച് 25 വർഷത്തിലധികം ജയിൽ ശിക്ഷ ലഭിച്ചാൽ 20 വർഷമാകുമ്പോൾ സംസ്ഥാന ഗവർണറുടെ അനുമതിയോടെ പ്രതിയെ വിട്ടയയ്ക്കാം. അതേസമയം, നളിനിയുടെ അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല, കേസിൽ ഇടപെടരുതെന്ന് സുപ്രീംകോടതി തമിഴ്നാട് സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.