ലണ്ടൻ∙ ഇന്ത്യൻ ഭരണകൂടം തന്നെ വേട്ടയാടുകയാണെന്ന് 9000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ വ്യവസായി വിജയ് മല്യ. തനിക്കൊന്നും ഒളിക്കാനില്ല. ആർക്കു വേണമെങ്കിലും ലണ്ടനിലെത്തി തന്നെ ചോദ്യം ചെയ്യാം. തന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കിയതിനാൽ ഇന്ത്യയിലെത്തുന്നതു നടക്കാത്ത കാര്യമാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മല്യ പറഞ്ഞു.
കിങ്ഫിഷർ എയർലൈൻസിന്റെ ഇന്ത്യയിലുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഇന്ത്യൻ അധികൃതർക്ക് വിവരം തേടാം, രേഖകൾ പരിശോധിക്കാം. ഇനി അഥവാ എന്നെ ചോദ്യം ചെയ്യണമെന്നാണെങ്കിൽ ലണ്ടനിൽ വന്ന് എന്നെ കാണാം, അല്ലെങ്കിൽ റേഡിയോ കോൺഫറൻസിലൂടെ എന്നിൽനിന്നു വിവരം തേടാം, അതുമല്ലെങ്കിൽ ചോദ്യങ്ങൾ രേഖപ്പെടുത്തി ഒരു ഇമെയിൽ അയച്ചാൽ ഞാനതിനു മറുപടി നൽകാം. എനിക്കു യാതൊന്നും മറയ്ക്കാനില്ല – മല്യ വ്യക്തമാക്കി.
1985ലാണ് തനിക്കെതിരെ ആദ്യമായി അന്വേഷണമുണ്ടാകുന്നത്. രണ്ടുവർഷത്തെ അന്വേഷണത്തിനുശേഷം തെളിവുകളില്ലാത്തതിനാൽ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇന്ത്യയിൽ അന്വേഷണ സംഘങ്ങൾ രാഷ്ട്രീയക്കാരുടെ കയ്യിലെ ആയുധങ്ങൾ മാത്രമാണ് – മല്യ ആരോപിച്ചു.