ന്യൂഡൽഹി∙ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെഹർ തരാറിനെ ചോദ്യം ചെയ്തതായി റിപ്പോർട്ട്. ഫെബ്രുവരി അവസാന ആഴ്ച ചോദ്യം ചെയ്യലിനായി മെഹർ ഇന്ത്യയിലെത്തിയിരുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 2015 ഡിസംബറിൽ അന്വേഷണത്തിൽ സഹകരിക്കണമെന്ന് മെഹറിനോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഇന്ത്യയിലെത്തിയ മെഹർ തരാറിനെ ആഡംബര ഹോട്ടലിൽ വച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു. ശശി തരൂരുമായി ബന്ധമുണ്ടായിരുന്നുവെന്ന മാധ്യമ പ്രവർത്തക നളിനി സിങ്ങിന്റെ ആരോപണങ്ങൾ മെഹർ നിഷേധിച്ചു. തരൂരിന് ഇമെയിൽ, ബ്ലാക്ക്ബെറി (ബിബിഎം) സന്ദേശങ്ങൾ കൈമാറിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ശശി തരൂരും മെഹർ തരാറുമായി ബന്ധമുണ്ടെന്നും അവരയച്ച ബിബിഎം സന്ദേശങ്ങൾ വീണ്ടെടുക്കാൻ സുനന്ദ തന്റെ സഹായം തേടിയിരുന്നുവെന്നും നളിനി സിങ് അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു.
മെഹറിന്റെ മൊഴി വളരെ പ്രധാനപ്പെട്ടതാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. മെഹറിനെ ചോദ്യം ചെയ്യുന്നതിന് ഏതെങ്കിലുംവിധത്തിലുള്ള തടസ്സങ്ങളുണ്ടോയെന്നു അറിയാൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനുമുന്നേതന്നെ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു മെഹർ ട്വിറ്ററിൽകൂടി വ്യക്തമാക്കി.
2014 ജനുവരി 17നാണ് ഡൽഹിയിലെ ആഢംബര ഹോട്ടലിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെ തലേദിവസം മെഹർ തരാറുമായി സുനന്ദ പുഷ്കർ ട്വിറ്ററിലൂടെ വാഗ്വാദം നടത്തിയിരുന്നു.