സെക്രട്ടേറിയറ്റിൽ മെറ്റൽ ഡിറ്റക്ടറുകൾ പ്രവർത്തിക്കുന്നില്ല

153

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് ഐബി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടനാഴിക്ക് ഇരുവശത്തുമുള്ളവ ഒഴികെയുള്ള മെറ്റൽ ഡിറ്റക്ടറുകൾ വർഷങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും ചിലതു പണിമുടക്കിയിട്ടു മൂന്നുവർഷമായെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷയിൽ വീഴ്ചയുള്ളതായി സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും മുൻപു റിപ്പോർട്ടു നൽകിയിരുന്നു. സെക്രട്ടേറിയറ്റിന്റെ മതിലിനോടു ചേർന്നു ജനങ്ങൾ പാസെടുത്ത്ഉള്ളിലേക്കു പ്രവേശിക്കുന്ന കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന മെറ്റൽ ഡിറ്റക്ടർ പ്രവർത്തനരഹിതമായിട്ടു രണ്ടരവർഷമായെന്നും അടിയന്തരമായി ഇതു മാറ്റി സ്ഥാപിക്കണമെന്നുമായിരുന്നു ആറുമാസം മുൻപു നൽകിയ റിപ്പോർട്ട്.

സെക്രട്ടേറിയറ്റിലേക്കു വരുന്ന വാഹനങ്ങളുടെ അടിവശം പരിശോധിക്കാൻ, കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു കന്റോൺമെന്റ്ഗേറ്റിൽ സ്കാനർ സ്ഥാപിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ ഇതു കേടായി. സ്കാനർ സ്ഥാപിച്ച സ്ഥലം മാറിപ്പോയതിനാൽ വാഹനങ്ങളുടെ അടിവശം കൃത്യമായി സ്കാൻ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സെക്രട്ടേറിയറ്റിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ചുമതല കെൽട്രോണിനാണ്. സെക്രട്ടേറിയറ്റ് സുരക്ഷാവിഭാഗം ഇക്കാര്യമറിയിച്ച് കെൽട്രോണിനു കത്തു നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ഇതിനുപുറമേ, മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിലേക്കു കയറുന്ന വഴിയിലെ മെറ്റൽ ഡിറ്റക്ടറും മറ്റുള്ള പ്രധാന ബ്ലോക്കുകളിലേക്കുള്ള വഴികളിലെ മെറ്റൽ ഡിറ്റക്ടറുകളും പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ടും സർക്കാർ അവഗണിച്ചു. സെക്രട്ടേറിയറ്റ് സുരക്ഷാവിഭാഗം നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ ഐബി നൽകിയ റിപ്പോർട്ടിലും ആവർത്തിക്കുന്നുണ്ട്. കേരളത്തിൽ തീവ്രവാദ സംഘടനകളുടെ വേരോട്ടം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളെത്തുടർന്നായിരുന്ന പ്രധാന കെട്ടിടങ്ങളുട‌െ സുരക്ഷ സംബന്ധിച്ച് ഐബി പരിശോധന.

NO COMMENTS

LEAVE A REPLY