മെത്രാന്‍ കായല്‍ : യുഡിഎഫ് സർക്കാരിനു തെറ്റു പറ്റിയെന്നു തിരുവഞ്ചൂർ

192

കോട്ടയം∙ മെത്രാന്‍ കായല്‍ നികത്താന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് പരിസ്ഥിതിമന്ത്രിയായിരുന്ന തന്‍റെ അനുമതി തേടാതെയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തീരുമാനം തികച്ചും തെറ്റായിരുന്നുവെന്ന് തിരുവഞ്ചൂര്‍ മനോരമ ന്യൂസിന്‍റെ നമ്മുടെ ജില്ല പരിപാടിയില്‍ കോട്ടയത്തു പറഞ്ഞു. 2006ലെ മന്ത്രിസഭയില്‍ താൻ അംഗമാകണമെന്ന് സിപിഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പിണറായി വിജയൻ അതു തടഞ്ഞുവെന്നും പി.സി.ജോര്‍ജും വെളിപ്പെടുത്തി.

മെത്രാന്‍കായലില്‍ കൃഷിയിറക്കാനുള്ള എൽഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് മുന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ തിരുവഞ്ചൂര്‍ വിമര്‍ശിച്ചത്. ഇനി ഒരുകാരണവശാലും എടുത്ത തീരുമാനത്തിൽനിന്ന് അവർ പിന്നോട്ടുപോകരുത്. അതോടൊപ്പം റാണിക്കായലും ചിത്തിരക്കായലും കൈവശം വച്ചിരിക്കുന്നവരുടെ കയ്യിൽനിന്ന് അനധികൃതമായ ആ കയ്യേറ്റം തിരിച്ചുവാങ്ങി അവിടെക്കൂടി കൃഷി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണം.

അതേസമയം, തിരുവഞ്ചൂർ ഗുരുതരമായ കാര്യമാണ് പറഞ്ഞതെന്ന് ഏറ്റുമാനൂർ എംഎൽഎ സുരേഷ് കുറുപ്പ് അഭിപ്രായപ്പെട്ടു. ഒരു ഫയൽ ചെല്ലേണ്ട സ്ഥലങ്ങളിൽ ചെല്ലാതെ മന്ത്രിസഭായോഗത്തിൽ ഔട്ട് ഓഫ് അജൻഡയായി അവതരിപ്പിച്ച് ഒരു ചർച്ചയും കൂടാതെ പാസാക്കുകയും ചെയ്തു. ഫയൽ പാസാക്കിയതിനെക്കുറിച്ച് റവന്യുമന്ത്രിക്കും മുഖ്യമന്ത്രിക്കും അറിയില്ലെന്ന നിലപാടാണ് എടുത്തത്, സുരേഷ് കുറുപ്പ് പറഞ്ഞു.
കോട്ടയത്തിന് പിണറായി മന്ത്രിസഭയില്‍ പ്രതിനിധിയില്ലാത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് 2006ലെ കാര്യം പി.സി.ജോര്‍ജ് പറഞ്ഞത്. താൻ മന്ത്രിസഭയിൽ വേണമെന്നുള്ള കാര്യം വിഎസ് പറഞ്ഞിരുന്നു. അന്നും പിണറായിയാണ് തന്നെ മന്ത്രി സഭയിൽ നിന്നൊഴിവാക്കിയതെന്നും ജോർജ് തുറന്നടിച്ചു. താൻ വേണമെന്ന് വിഎസ് ആവശ്യപ്പെട്ടപ്പോൾ പിണറായി ഉള്ളിടത്തോളം സഖാവേ അതു നടക്കില്ലെന്നു മറുപടി നൽകിയിരുന്നെന്നും ജോർജ് കൂട്ടിച്ചേർത്തു.

റബര്‍ വിലയിടിവ്, ടൂറിസം വികസനം, മെഡിക്കൽ കോളജ് നവീകരണം എന്നിവയടക്കമുള്ള വികസനപ്രശ്നങ്ങളും രാഷ്ട്രീയവും ചര്‍ച്ചയായ കോട്ടയത്തിന്റെ നമ്മുടെ ജില്ല പരിപാടിയില്‍ എം.എൽ.എമാരായ സി.എഫ്.തോമസ്, മോന്‍സ് ജോസഫ്, ഡോ. എൻ ജയരാജ് തുടങ്ങിയവരും പങ്കെടുത്തു.
courtesy : manorama online

NO COMMENTS

LEAVE A REPLY