ബെംഗളൂരു ∙ ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുൽ നാസർ മഅദനിയ്ക്ക് എട്ടു ദിവസം വീട്ടില്‍ പോകാന്‍ ബെംഗളൂരു എന്‍എെഎ കോടതിയുടെ അനുമതി. ജൂലൈ നാലു മുതല്‍ 12–ാം തീയതിവരെയാണ് സമയം അനുവദിച്ചത്. മഅദനിക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശിച്ചു.
കര്‍ണാടകയില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നാട്ടിൽ പോകാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. രോഗബാധിതയായ അമ്മയെ കാണാനാണ് അനുമതി നല്‍കിയത്. വിചാരണക്കോടതിയില്‍ ഹാജരാകുന്നതിലും സുപ്രീംകോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.
ക്യാന്‍സര്‍ രോഗബാധിതയായി ചികില്‍സയിലുള്ള അമ്മയെ കാണുന്നതിന് നാട്ടിലെത്താന്‍ അനുവദിക്കണമെന്നായിരുന്നു അബ്ദുല്‍ നാസര്‍ മഅദനിയ്ക്കുവേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയോട് അപേക്ഷിച്ചത്. ബെംഗളൂരു സ്ഫോടനക്കേസിലെ പ്രധാന സാക്ഷികളെല്ലാം കേരളത്തിലാണെന്നും മഅദനി അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണെന്നും അതില്‍ മഅദനിയെ നാട്ടിേലക്ക് പോകാന്‍ അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും കേസിനെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ അമ്മയെ കാണുന്നതിന് നാട്ടിലെത്താന്‍ മഅദനിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി പോകുന്ന ദിവസവും കാലയളവും വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി.
മഅദനിയുടെ അമ്മയുടെ രോഗവിവരങ്ങളടങ്ങിയ മെഡിക്കല്‍ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ വിചാരണവേളയില്‍ മുഴുവന്‍ സമയവും കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന മഅദനിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. എന്നാല്‍ ഏതെല്ലാം സമയത്ത് മഅദനി കോടതിയില്‍ ഹാജരാകണമെന്ന് വിചാരണക്കോടതിയാകും തീരുമാനിക്കുക.
courtesy : manorama online