സോൾ∙ യുഎൻ ഉപരോധം വകവയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. വാങ്ചു പ്രദേശത്തുനിന്നും ഉത്തര കൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎസും ദക്ഷിണ കൊറിയയും അറിയിച്ചു.
500 മുതൽ 600 കിലോമീറ്റർവരെ ദൂരപരിധി ശേഷിയുള്ള മിസൈലുകളാണ് വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയൻ വക്താവ് അറിയിച്ചു. അതേസമയം, ആദ്യത്തെ രണ്ടെണ്ണം ചെറിയ ദൈർഘ്യമുള്ള സ്ക്വഡ് മിസൈലുകളും മൂന്നാമത്തേത് മധ്യദൂര റൊഡോങ് മിസൈലുകളുമെന്നാണ് യുഎസ് പറയുന്നത്.
ഉത്തര കൊറിയയുടെ മിസൈൽ ഭീഷണി നേരിടാൻ ദക്ഷിണ കൊറിയൻ ഉപദ്വീപിൽ ‘താഡ്’ എന്ന മിസൈൽ പ്രതിരോധ സംവിധാനം ഉടൻ സ്ഥാപിക്കുമെന്ന് പെന്റഗൺ ഈ മാസമാദ്യം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിർദേശമനുസരിച്ചാണു മിസൈൽ പരീക്ഷണമെന്നാണ് യുഎസ് കരുതുന്നത്.