ഇന്ത്യന്‍ അത്‌ലറ്റിക് ടീം മെഡല്‍ നേടാൻ സാധ്യതയില്ല: അഞ്ജു ബോബി ജോര്‍ജ്

162

ന്യൂഡൽഹി ∙ റിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ടീം മെഡല്‍ നേടാനുള്ള സാധ്യത ഇല്ലെന്ന് ടാര്‍ഗെറ്റ് ഒളിംപിക് പോഡിയം ചെയര്‍പേഴ്സണ്‍ അഞ്ജു ബോബി ജോര്‍ജ്. താരങ്ങള്‍ ഇന്ത്യയില്‍ ചെയ്യുന്ന പ്രകടനം വിദേശരാജ്യങ്ങളില്‍ ചെയ്യുമെന്ന വിശ്വാസമില്ല. രണ്ടായിരത്തി ഇരുപത്തിനാലോടെ ഇന്ത്യക്ക് അത്‌ലറ്റിക്സില്‍ മെഡല്‍ പ്രതീക്ഷിക്കാമെന്നും അഞ്ജു മനോരമ ന്യൂസിനോട് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളെ അപേഷിച്ച് വലിയ ടീമിനെയാണ് ഇന്ത്യ ഇത്തവണ റിയോ ഒളിംപിക്സിന് അയക്കുന്നത്. 121 താരങ്ങള്‍. ഇതില്‍ 37 പേര്‍ അത്‍ലറ്റുകളാണ്. 2012 ല്‍ 14 പേര്‍ പങ്കെടുത്ത സ്ഥാനത്താണ് ഇത്തവണ 37 താരങ്ങള്‍ യോഗ്യത നേടിയത്. എന്നാല്‍ വലിയ അത്‍ലറ്റിക്സ് ടീം റിയോയിലേക്ക് പോകുന്നുണ്ടെങ്കിലും മെഡല്‍ ലഭിക്കാനുള്ള പ്രകടനം ആരുടെയും ഭാഗത്ത് നിന്ന് കാണുന്നില്ല. വലിയ ചാംപ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടണമെങ്കില്‍ ലോകോത്തര താരങ്ങളുമായി തുടര്‍ച്ചയായിട്ടുള്ള മല്‍സര പരിചയം വേണമെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

അതേസമയം, മൂന്ന് നാല് ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ടെന്നു അഞ്ജു ബോബി ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. നേരിയ വ്യത്യാസത്തില്‍ ഒളിംപിക്സ് യോഗ്യത നേടാനാകാതെ പോയവര്‍ക്ക് ഒരവസരം കൂടി നല്‍കുക എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നാലാം ഇന്ത്യന്‍ ഗ്രാന്‍പ്രി നടത്തിയത്. വിവാദമാക്കേണ്ടതില്ല. ഇതുവഴി രഞ്ജിത് മഹേശ്വരി, വനിതാ റിലേ ടീം, ഒരുമിനിറ്റ് 45.98 സെക്കന്‍റില്‍ 800 മീറ്റര്‍ താണ്ടിയ മലയാളിയായ ജിന്‍സണ്‍ എന്നിവര്‍ക്കെല്ലാം ഒളിംപിക്സ് യോഗ്യത നേടാന്‍ സാധിച്ചുവെന്നും അഞ്ജു പറഞ്ഞു.

NO COMMENTS

LEAVE A REPLY