കോഴിക്കോട്∙ ബാർ കോഴ ആരോപണത്തിനുപിന്നിൽ യുഡിഎഫ് നേതാക്കളാണെന്ന കെ.എം.മാണിയുടെ ആരോപണത്തെ തള്ളി ഉമ്മൻ ചാണ്ടി. മാണിക്കെതിരെ യുഡിഎഫിൽ ഒരു നീക്കവും ഉണ്ടായിട്ടില്ല. മാണി ഉന്നയിച്ച ആരോപണങ്ങൾ യുഡിഎഫ് ചർച്ചചെയ്യും. മാണിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
ഇടതുപക്ഷത്തേക്ക് പോയേക്കും എന്ന സംശയത്താൽ തന്നെ യുഡിഎഫിൽ തളച്ചിടാനുള്ള ശ്രമമാണ് ബാർ കോഴ കേസിന്റെ പിന്നിലെന്നായിരുന്നു മാണിയുടെ വെളിപ്പെടുത്തൽ. ഇതിനു ഗൂഢാലോചന നടത്തിയവരുടെ പേരുകൾ പാർട്ടി കണ്ടെത്തിയെങ്കിലും അതു വെളിപ്പെടുത്താത്തത് മാന്യതയുടെ പേരിലാണെന്നും മാണി പറഞ്ഞിരുന്നു.
ആദ്യമായാണ് കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്ക് നീങ്ങാനുള്ള ചർച്ചകൾ ഉണ്ടായി എന്ന് കെ.എം.മാണി പരോക്ഷമായെങ്കിലും സമ്മതിക്കുന്നത്.
എന്നാൽ, ആരെയും തളച്ചിടുന്ന രീതി യുഡിഎഫിൽ ഇല്ലെന്നായിരുന്നു നേരത്തെ ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.