കോഴിക്കോട് ∙ ഒരു മാസത്തെ ത്യാഗപൂർണമായ വ്രതാനുഷ്ഠാനം കൊണ്ടു സ്ഫുടം ചെയ്ത മനസ്സുമായി ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. 30 ദിവസവും വ്രതാനുഷ്ഠാനത്തോടൊപ്പം രാപകൽ ഭേദമെന്യേ ആരാധന കർമങ്ങളിൽ മുഴുകിയും സക്കാത്ത് നൽകി സമ്പത്ത് ശുദ്ധീകരിച്ചും സ്രഷ്ടാവിനോടു കൂടുതൽ അടുത്ത് പാപമോചനത്തിനായി പ്രാർഥിച്ചുമാണു വിശ്വാസികൾ ഒരു മാസം ചെലവഴിച്ചത്.
ഇന്നലെ മഗ്‌രിബ് നമസ്കാരത്തിനു ശേഷം പള്ളികളിൽ നിന്നും മുസ്‌ലിം ഭവനങ്ങളിൽ നിന്നും തക്ബീർ ധ്വനികൾ മുഴങ്ങി. അല്ലാഹു അക്ബർ അല്ലാഹു അക്ബർ… വലില്ലാഹിൽ ഹംദ്. (ദൈവം മഹാനാണ്… സർവ സ്തുതിയും അവനു മാത്രം).
ദൈവത്തോടുള്ള അനുസരണയുടെ തെളിവാർന്ന രൂപം കൂടിയാണ് ഈദുൽ ഫിത്ർ. പിറന്നു വീണ കുഞ്ഞു മുതൽ ജീവിച്ചിരിക്കുന്ന എല്ലാവരും ഫിത്ർ സക്കാത്ത് നൽകിയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ സുദിനത്തിൽ വിശ്വാസികൾ ആരും പട്ടിണി കിടക്കരുതെന്ന മഹത്തായ സന്ദേശത്തോടെയും വ്രതാനുഷ്ഠാനത്തിൽ വന്ന വീഴ്ചകളെന്തെങ്കിലുമുണ്ടെങ്കിൽ അതു പരിഹരിക്കാനും ഫിത്‌ർ സക്കാത്ത് പര്യാപ്തമാണ്. എല്ലാ വിശ്വാസികൾക്കും വിവിധ നേതാക്കൾ ഈദ് ആശംസകൾ നേർന്നു.