തിരുവനന്തപുരം∙ ചീഫ് മിനിസ്റ്റേഴ്സ് ഓഫിസ്, കേരള എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ഫെയ്സ്ബുക് പേജ് തുടങ്ങി. പുതിയ സർക്കാർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെപ്പറ്റി അപ്പപ്പോൾ ജനങ്ങളോട് സംവദിക്കുന്നതിനാണ് ഫെയ്സ്ബുക് പേജ് ആരംഭിച്ചതെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ ഒരുമാസക്കാലത്ത് എടുത്ത പ്രധാന തീരുമാനങ്ങളും പേജിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
പുതിയ ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെപ്പറ്റി അപ്പപ്പോൾ ജനങ്ങളോടു സംവദിക്കുവാനായി ഒരു ഫെയ്സ്‌ബുക്ക് പേജ് തുറക്കുകയാണ്. ഗവണ്‍മെന്റിന്റെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ അറിയുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായനിർദേശങ്ങളും വിമർശനങ്ങളും അറിയിക്കുവാനുമുള്ള ഇടം കൂടിയാണിത്.
എല്ലാ പ്രവർത്തനങ്ങളിലും ജനങ്ങളുടെ പിന്തുണയും സഹകരണവുമാണ് ഈ സർക്കാരിന്റെ കരുത്ത്. കഴിഞ്ഞ ഒരു മാസക്കാലത്തെ പ്രവർത്തനത്തിന്റെ ഭാഗമായി എടുത്ത പ്രധാന തീരുമാനങ്ങൾ ഇതിനകം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ.
1. മന്ത്രിമാരുടെ എണ്ണം 19 ആയിക്കുറച്ചു. മന്ത്രിമന്ദിരങ്ങൾ മോടി കൂട്ടില്ല. പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തി. ആദ്യമായി കേരളത്തിലെ മന്ത്രിസഭയിൽ 2 വനിതകൾ. മന്ത്രിമാരുടെയും മറ്റും സ്വീകരണത്തിന് കുട്ടികളും സ്ത്രീകളും താലം പിടിച്ച് നിൽക്കുന്ന രീതി ഒഴിവാക്കി.
2. ക്ഷേമപെൻഷനുകൾ 1000 രൂപയായി വർധിപ്പിക്കുവാൻ തീരുമാനിച്ചു. പെൻഷൻ ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും.
3. പെരുമ്പാവൂരിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരിക്ക് സർക്കാർ ജോലി. അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെൻഷൻ. കേസന്വേഷണത്തിന് ഏഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ സംഘം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ജിഷയുടെ അമ്മയ്ക്ക് വീട് നിർമാണം ഉടൻ പൂർത്തിയാക്കുവാൻ നടപടി.
4. കശുവണ്ടി കോർപറേഷന്റെ കീഴിലുള്ള അടച്ചുപൂട്ടിയ എല്ലാ ഫാക്ടറികളും തുറക്കും.
5. പച്ചക്കറികൾ 30% വിലക്കുറവിൽ ഹോർട്ടികോർപ് വഴി നൽകുവാൻ നടപടി എടുത്തു.
6. സർക്കാർ ജോലി നേടി അവധിയെടുത്ത് വിദേശത്ത് പോയി തിരികെ വരാത്ത ഡോക്ടർമാരെ പിരിച്ചുവിട്ടു.
7. ഫയലുകളിൽ അനാവശ്യ കാലതാമസം വരുത്തുന്നവർക്കെതിരെ കർശന നടപടി.
8. അടച്ചുപൂട്ടുവാൻ തീരുമാനിച്ച മലാപ്പറമ്പ്, മങ്ങാട്ടുമുറി, കിരാലൂർ, പാലാട്ട് എയ്ഡഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു.
9. ഒഴിവുകൾ 10 ദിവസത്തിനുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുവാൻ കർശന നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ 4300-ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തു.
10. സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമത്തിന് പരിഹാരം. കാരുണ്യ ഫാർമസികളിൽ 37.2 കോടി രൂപയുടെ അവശ്യമരുന്നുകളെത്തിച്ചു. സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി.
11. പാഠപുസ്തക വിതരണം ജൂണ്‍ 15-നകം പൂർത്തിയാക്കി.
12. ആറന്മുളയിലും മെത്രാൻ കായലിലും കൃഷിയിറക്കുവാൻ നടപടി. നിരോധിക്കാത്തതും അതേ സമയം ഉപയോഗിച്ചു കൂടാത്തതുമായ കീടനാശിനികൾ പിടിച്ചെടുക്കുവാൻ നടപടി.
കൂടുതൽ ജനക്ഷേമകരവും അഴിമതിമുക്തവും പുരോഗമനാത്മകവുമായ തീരുമാനങ്ങളെടുക്കുവാനും നടപ്പിലാക്കുവാനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തുടർപ്രവർത്തനങ്ങളിൽ നിങ്ങളുടെ പൂർണ പിന്തുണ സർക്കാരിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.