മാഴ്സെ∙ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മൽസരത്തിൽ റോബർട്ടോ ലെവൻഡോവ്സ്കിയുടെ പോളണ്ടിനെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ യൂറോകപ്പ് സെമിയിൽ കടന്നു. 5-3നാണ് ഷൂട്ടൗട്ടിൽ പോർച്ചുഗലിന്റെ വിജയം. ഷൂട്ടൗട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റെനാറ്റോ സാഞ്ചസ്, ജാവോ മൗട്ടീഞ്ഞോ, നാനി, റിക്കോർഡോ ക്വരേസ്മ എന്നിവർ പോർച്ചുഗലിനായി ലക്ഷ്യം കണ്ടു. പോളണ്ടിനായി റോബർട്ടോ ലെവൻഡോവ്സ്കി, അർക്കാഡിയൂസ് മിലിക്ക്, കാമിൽ ഗ്ലിക്ക് എന്നിവർ വലകുലുക്കിയപ്പോൾ യാക്കൂബ് ബ്ലാസികോവ്സികിയുടെ ഷോട്ട് പോർച്ചുഗൽ ഗോളി പട്രീഷ്യോ തടുത്തിട്ടു.
നേരത്തെ, നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. പോളണ്ടിനായി റോബർട്ടോ ലെവൻഡോവ്സ്കിയും (2) പോർച്ചുഗലിനായി റെനാറ്റോ സാഞ്ചസും (33) ഗോളുകൾ നേടി. ബെൽജിയം-വെയ്‌ൽസ് ക്വാർട്ടർ ഫൈനൽ വിജയികളാണ് സെമിയിൽ പോർച്ചുഗലിന്റെ എതിരാളികൾ.
യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ ഗോൾവല നിറച്ചെത്തിയിട്ടും ഫൈനൽ റൗണ്ടിൽ ഇതുവരെ ഗോളടിക്കാൻ മറന്നുപോയ പോളണ്ട് താരം റോബർട്ടോ ലെവൻഡോവ്സ്കിയുടെ ഗോളോടെയാണ് കളം ഉണർന്നതുതന്നെ. മൽസരത്തിന്റെ രണ്ടാം മിനിറ്റിലായിരുന്നു പോർച്ചുഗലിനെ ഞെട്ടിച്ച ഗോൾ. ഗോളിന് വഴിയൊരുക്കിയത് പോർച്ചുഗൽ താരം സെഡ്രിക് സോറസിന്റെ പിഴവ്. സോറസിൽനിന്നും പന്ത് പിടിച്ചെടുത്ത ഗ്രോസിക്കിയുടെ പാസ് നേരെ ലെവൻഡോവ്സ്കിയിലേക്ക്. പിഴവുകളൊന്നും കൂടാതെ ലെവൻഡോവ്സ്കി ലക്ഷ്യം കണ്ടു. സ്കോർ 1-0.
ആദ്യപകുതിയിൽ തന്നെ പോർച്ചുഗൽ ഗോൾ മടക്കി. മധ്യനിരയിൽ അധ്വാനിച്ചുകളിച്ച റെനാറ്റോ സാഞ്ചസായിരുന്നു സ്കോറർ. നാനിയുമൊത്ത് പന്ത് കൈമാറി പോളണ്ട് ഗോൾമുഖത്തെത്തിയ സാഞ്ചസ്, മികച്ചൊരു വോളിയിലൂടെ പോളണ്ട് വല കുലുക്കുമ്പോൾ ഗോള്‍കീപ്പർ ലൂക്കാസ് ഫാബിയാൻസ്കി നിഷ്പ്രഭനായി. പന്തിന് കണക്കാക്കി ഫാബിയാൻസ്കി ഡൈവ് ചെയ്തെങ്കിലും പോളണ്ട് പ്രതിരോധനിരതാരത്തിന്റെ ദേഹത്ത് തട്ടിയ പന്ത് ഗതിമാറി പോസ്റ്റിന്റെ വലതുമൂലയിൽ വിശ്രമിച്ചു. അപ്പോൾ മൽസരത്തിന് പ്രായം 33 മിനിറ്റ്. സ്കോർ 1-1.
ഇരുടീമുകളും ഓരോ ഗോൾ നേടിയതോടെ മൽസരം മുറുകി. ലീഡ് പിടിക്കാന്‍ ഇരുടീമുകളും കിണഞ്ഞുശ്രമിക്കുന്നതിനിടെ ഇരുടീമുകൾക്കും ഏതാനും മികച്ച അവസരങ്ങൾ ലഭിച്ചു. ഇടയ്ക്ക് ഗോളിമാത്രം മുന്നിൽനിൽക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ച അവസരം പന്ത് കണക്ട് ചെയ്യാനാകാതെ വന്നതോടെ പാഴായി. രണ്ടാം പകുതിയിലും അധികസമയത്തുമായി ഇരുടീമുകൾക്കും തുടർന്നും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനാകാതെ പോയതോടെ മൽസരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക്.