കൊച്ചി ∙ ജിഷ വധക്കേസിലെ പ്രതി അമീർ നിരന്തരം മൊഴിമാറ്റുന്നതായി അന്വേഷണ സംഘം. അമീറിനെ പൂർണമായി ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതുകൊണ്ട് കൊലപാതക ദിവസം അമീർ ധരിച്ച വസ്ത്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു.അമീർ
കുറ്റം സമ്മതിച്ചു.പക്ഷെ,കൃത്യം നടന്ന ദിവസം ധരിച്ചിരുന്ന വസ്ത്രം ഉപേക്ഷിച്ചത് സംബന്ധിച്ച മൊഴി അമീർ മാറ്റി പറയുകയാണ്. കാഞ്ചിപുരത്ത് ഉപേക്ഷിച്ചുവെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യശാലപടിയിലെ മുറിയിലുണ്ടെന്ന് പിന്നീട് തിരുത്തി. അസമിലേക്കുള്ള ട്രെയിൻ യാത്രയിൽ വസ്ത്രങ്ങൾ എവിടെയോ ഉപേക്ഷിച്ചെന്നാണ് അമീർ അവസാനം മൊഴി നൽകിയത്.സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷ കാരണങ്ങളാൽ പ്രതിയെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജിഷ വധക്കേസിൽ ഇനി അമീറിനെ കസ്റ്റഡിയിൽ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ആടിനെ ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയെന്ന കേസിൽ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് ഉടൻ കോടതിയെ സമീപിക്കും.