ലിയോണ്‍: പോര്‍ച്ചുഗല്‍ ഒരിക്കല്‍ക്കൂടി യൂറോ കിരീടത്തിനരികെ. വെയ്ല്‍സിനെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ മറികടന്നത്.
ഒന്നാം പകുതിക്കുശേഷം സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അമ്പതാം മിനിറ്റില്‍ മനോഹരമായൊരു ഹെഡ്ഡറിലൂടെ പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. മൂന്ന് മിനിറ്റിനുശേഷം നാനി രണ്ടാം ഗോളും നേടി. ഈ യൂറോയില്‍ ഇതാദ്യമായാണ് ആദ്യ തൊണ്ണൂറു മിനിറ്റില്‍ ഗോള്‍ നേടി പോര്‍ച്ചുഗല്‍ ഒരു മത്സരം ജയിക്കുന്നത്.
സെമി പോരാട്ടമായിരുന്നെങ്കിലും അതിനൊത്ത പ്രകടനമായിരുന്നില്ല പോര്‍ച്ചുഗലും വെയ്ല്‍സും പുറത്തെടുത്തത്. പോര്‍ച്ചുഗലായിരുന്നു നല്ല നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍, ഗരെത് ബെയ്‌ലിലൂടെ വെയ്ല്‍സ് പെട്ടന്ന് തിരിച്ചുവന്നു. പിന്നെ കുറേ നേരം അവര്‍ക്കായിരുന്നു മേല്‍ക്കൈ. ബെയ്‌ലിന്റെ ചില ഒറ്റയാന്‍ അതിവേഗ നീക്കങ്ങളും കരുത്തുറ്റ ബുള്ളറ്റുകളുമായിരുന്നു അവരുടെ തുറുപ്പുചീട്ട്. എന്നാല്‍, അവയൊന്നും വലയിലാക്കാന്‍ വഴിയറിയാതെ പറന്നു. ഒന്നാം പകുതിയില്‍ പോര്‍ച്ചുഗലും അത്ര കേമമായിരുന്നില്ല. അവരുടെ നീക്കങ്ങള്‍ക്ക് വെയ്ല്‍സിന്റെ ചിട്ടയാര്‍ന്ന പ്രതിരോധത്തെ ഭേദിക്കാനുള്ള കരുത്തോ മൂര്‍ച്ചയോ ഉണ്ടായിരുന്നില്ല.
വെയ്ല്‍സിന് ഈ പ്രതിരോധക്കരുത്ത് ഏറെ കാക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് പിഴച്ചു. ഒരു കോര്‍ണറിനുശേഷം റാശ്ശല്‍ ഗുരെയ്‌രോയുടെ തലയ്ക്ക് മുകളില്‍ ഉയര്‍ന്നു ചാടിയാണ് ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടത്.
തിരിച്ചടിക്കുന്നതിനെ കുറിച്ചുള്ള ചിന്ത വെയ്ല്‍സുകാരുടെ തലയില്‍ മുളയ്ക്കും മുന്‍പ് തന്നെ പോര്‍ച്ചുഗല്‍ വീണ്ടും പ്രഹരം ഉതിര്‍ത്തു. അതും അപ്രതീക്ഷിതമായി. ഇക്കുറി ഗോളിന് വഴിയൊരുക്കിയതും ക്രിസ്റ്റിയാനോ തന്നെ. വെയ്ല്‍സുകാര്‍ ഒരുക്കിയ ഓഫ് സൈഡ് കെണിയില്‍ നിന്ന് കുതറിമാറി അത് വലയിലെത്തിച്ചത് നാനിയും.
ഈ രണ്ട് ഗോളുകളും ബെയ്‌ലിന്റെ ലക്ഷ്യം കാണാതെ പോയ മൂന്ന് കരുത്തുറ്റ ലോങ് റേഞ്ചറുകളും മാത്രമായിരുന്നു മത്സരം അവശേഷിപ്പിച്ചത്. ത്രസിപ്പിക്കുന്ന നീക്കങ്ങള്‍ പിന്നീട് ഏറെയൊന്നും ഉണ്ടായില്ല ഇരുപക്ഷത്ത് നിന്നും.