ലണ്ടൻ∙ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം പഞ്ചാബിലെ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്റെ മുതിർന്ന നേതാവ് പ്രവചിച്ചിരുന്നതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നേതാവ് ജഗ്ജിത് സിങ് ചൗഹാനാണ് ഇങ്ങനെ പ്രവചിച്ചിരുന്നതെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ രേഖകൾ വ്യക്തമാക്കുന്നു. അടുത്തിടെയാണ് ഇവ സർക്കാർ രഹസ്യപ്പട്ടികയിൽനിന്നു നീക്കിയത്.
സിഖ് റിപ്പബ്ലിക് ഓഫ് ഖലിസ്ഥാന്റെ സ്വയംപ്രഖ്യാപിത പ്രസിഡന്റായാണ് യുകെ അധികൃതർ ചൗഹാനെ വിശേഷിപ്പിക്കുന്നത്. അന്ന് ബ്രിട്ടനിൽ അധികാരത്തിലിരുന്ന മാർഗരറ്റ് താച്ചർ സർക്കാർ ചൗഹാനെ സംശയിച്ചിരുന്നെന്നും കൂടുതൽ നടപടികളെടുക്കാൻ നിർദേശിച്ചിരുന്നെന്നും രേഖകളിൽ പറയുന്നു. ചൗഹാന്റെ പ്രസ്താവനകളെക്കുറിച്ച് ഇന്ത്യൻ അധികൃതർ പരാതിപ്പെട്ടിരുന്നെന്നും രേഖകളിൽനിന്നു വ്യക്തമാണ്.
1984ലെ യുകെ വിദേശകാര്യ– ആഭ്യന്തര വകുപ്പുകൾ തയാറാക്കിയ രേഖകളിൽ അതേവർഷം ജൂണിൽ ഇന്ദിരാ ഗാന്ധിയുടെ മരണം ചൗഹാൻ പ്രവചിക്കുന്നതായി പറയുന്നുണ്ട്. മാത്രമല്ല, ഇന്ദിരയുടെ മകനും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ ലക്ഷ്യമിടുന്നതായും ഇയാൾ പറയുന്നു. യുകെയിൽ ചൗഹാൻ വസിക്കുന്നത് ഇന്ത്യ – യുകെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും രേഖ മുന്നറിയിപ്പുനൽകുന്നുണ്ട്.
ഇയാളുടെ പരാമർശങ്ങളോട് ഇന്ത്യൻ സർക്കാർ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ഇയാൾ മാത്രമല്ല, യുകെയിൽ അഭയം പ്രാപിച്ചിരിക്കുന്ന നിരവധി സിഖ് വിഘടനവാദികളും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾക്കു ഭീഷണിയാണെന്നും രേഖയിൽ പറയുന്നു. വ്യാഴാഴ്ചയാണ് രേഖകൾ പുറത്തുവിട്ടത്.