മലപ്പുറം∙ എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർക്ക് സിവിൽ ഏവിയേഷൻ അധികൃതർ വിമാനത്താവളത്തിൽ കടക്കാനുള്ള പാസ് നൽകാത്തതിനെത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ പ്രതിഷേധം. 464 ജീവനക്കാർ പുറത്തുനിന്നു. എയർ ഇന്ത്യ ട്രാൻസ്പോർട്ട് ലിമിറ്റഡിനു കീഴിലുള്ളവരാണു തൊഴിലാളികൾ. എയർ ഇന്ത്യ വിമാനങ്ങളിലെ ലഗേജ് നീക്കം പ്രതിസന്ധിയിലായതിനെത്തുടർന്ന് പൊലീസ് ഇടപെട്ടു നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് രണ്ടു ദിവസത്തെ പാസ് നൽകാൻ തീരുമാനമായി.
വിമാനത്താവള ഡയറക്ടറും തൊഴിലാളി സംഘടനാ പ്രതിനിധികളും എയർ ഇന്ത്യ, സിവിൽ ഏവിയേഷൻ അധികൃതരും ചർച്ചയിൽ പങ്കെടുത്തു. ജീവനക്കാർക്കു നൽകിയ ദീർഘകാല സാധുതയുള്ള പാസിന്റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. തുടർന്നു പ്രതിദിന പാസ് നൽകി വരികയായിരുന്നു. സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗവും എയർ ഇന്ത്യ ട്രാൻസ്പോർട്ട് ലിമിറ്റഡും തമ്മിലുള്ള തർക്കമാണ് പാസ് വിതരണം വൈകിച്ചത്. ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തെ തുടർന്ന്, സുരക്ഷ സംബന്ധിച്ച പുതിയ നിർദേശം ചൂണ്ടിക്കാട്ടി അധികൃതർ പാസ് നിഷേധിക്കുകയായിരുന്നു.