കേരള നേതാക്കളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ഡൽഹിയിൽ

182

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കേരള നേതാക്കളുമായി നടത്തുന്ന വിശാല യോഗം ഇന്ന്. പാർട്ടിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള എഴുപതോളം നേതാക്കളാണു ക്ഷണിതാക്കളുടെ പട്ടികയിലുള്ളത്. ഇതിനു പുറമേ യുവാക്കൾക്കു വേണ്ടി മറ്റൊരു യോഗമെന്ന ആവശ്യവും പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.ഇന്നു 10.30നു 15 റഖബ്ഗഞ്ച് റോഡിലെ ‘യുദ്ധമുറി’യിലാണു യോഗം.

രാഹുലിന്റെ ആമുഖ പ്രസംഗമാണ് ആദ്യം. അതിനുശേഷം ക്ഷണിതാക്കൾക്ക് അഭിപ്രായം പറയാൻ അവസരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും സെക്രട്ടറി ദീപക് ബാബ്‌റിയയും നടപടികൾ നിയന്ത്രിക്കും. കേരളത്തിനും കേന്ദ്രത്തിനുമിടയിൽ ഇണക്കുകണ്ണിയായി പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയുമുണ്ടാകും. ആൾക്കൂട്ടത്തിന്റെ അഭിപ്രായം കേട്ടതുകൊണ്ടു പ്രശ്നങ്ങൾക്കു പരി‌ഹാരമുണ്ടാവില്ലെന്ന നിലപാടു പല നേതാക്കൾക്കുമുണ്ട്.

കാര്യങ്ങൾ തുറന്നു പറയണമെങ്കിൽ ക്ഷണിതാക്കളെ രാഹുൽ ഒറ്റയ്ക്കു കാണണ‌മെന്നു ചിലർ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഉച്ചതിരിഞ്ഞു ക്ഷണിതാക്ക‌ളിൽ ചിലരെ ഒറ്റയ്ക്കും മറ്റു ചിലരെ ചെറു ഗ്രൂപ്പുകളായും രാഹുൽ കണ്ടേക്കുമെന്നു സൂചനയുണ്ട്. ഇതിനിടെ, തോൽവിക്കു കാരണക്കാരായവരെയും പാർട്ടിയിൽ പ്രസക്തി നഷ്ടപ്പെട്ടവരെയും വീണ്ടും കണ്ടതുകൊണ്ടു പ്രയോജനമില്ലെന്ന വാദവുമായി തലമുറമാറ്റം ആവശ്യപ്പെടുന്ന യുവാക്കളും രംഗത്തുണ്ട്. യുവാക്കളെ പ്രത്യേകം കാണണമെന്ന ഇവരുടെ ആവശ്യവും പരിഗണനയിലാണ്.

ആൾക്കൂട്ട ചർച്ച കൊണ്ട് അടിയന്തര തീരുമാനങ്ങൾ പ്രതീക്ഷിക്കാനില്ല. എന്നാൽ, കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കുന്ന തന്ത്രങ്ങൾക്കു തുടക്കമിടാൻ യോഗത്തിനു കഴിഞ്ഞേക്കും.

NO COMMENTS

LEAVE A REPLY