ലാഹോർ ∙പാക്കിസ്ഥാൻ സന്ദർശിക്കുന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജമാഅത്തുദ്ദഅവ (ജെയുഡി) നേതാവ് ഹാഫിസ് സയീദിന്റെ മുന്നറിയിപ്പ്. നിഷ്കളങ്കരായ കശ്മീരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിയെന്നാണ് രാജ്നാഥ് സിങ്ങിനെ സയീദ് വിശേഷിപ്പിച്ചത്. ഇത്തരത്തിലൊരാളെ സ്വാഗതം ചെയ്യുന്നതിലൂടെ കശ്മീരിലെ ജനങ്ങളുടെ മുറിവിന്റെ വേദന വർധിപ്പിക്കുമെന്നും പാക്ക് സർക്കാരിനോട് 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയായ ഹാഫിസ് സയീദ് പറഞ്ഞു.
പാക്ക് സർക്കാരിന്റെ നടപടി വിരോധാഭാസമാണ്. ഒരു വശത്ത് രാജ്യം മുഴുവൻ കശ്മീരിലെ ഇന്ത്യയുടെ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ മറ്റൊരുവശത്ത് പാക്ക് അധികാരികൾ രാജ്നാഥ് സിങ്ങിനെ ഹാരമണിയിക്കുകയാണ്. ഒാഗസ്റ്റ് 3ന് രാജ്നാഥ് സിങ് ഇസ്‍ലാമാബാദിലെത്തുകയാണെങ്കിൽ ജെയുഡി രാജ്യവ്യാപകമായി പ്രതിഷേധം നടത്തും.
പാക്കിസ്ഥാനിലെ അധികാരികൾ കശ്മീരികളെ കൊലപ്പെടുത്തിയ ആളെ സ്വീകരിക്കാൻ നിർബന്ധിതരായേക്കും എന്നാൽ, പാക്കിസ്ഥാനിലെ ജനങ്ങൾ അടിച്ചമർത്തപ്പെട്ട കശ്മീരിലെ ജനങ്ങൾക്കൊപ്പമാണെന്ന് ലോകത്തെ അറിയിക്കും. ഇസ്‍ലാമാബാദ്, ലാഹോർ, കറാച്ചി, പെഷവാർ, മുൾട്ടാൻ, ഫൈസലാബാദ്, മുസഫറാബാദ്, തുടങ്ങിപ്രധാന നഗരങ്ങളിലെല്ലാം ഒാഗസ്റ്റ് മൂന്നിന് പ്രതിഷേധം നടത്തും. – വാർത്താക്കുറിപ്പിൽ ഹാഫിസ് സയീദ് പറഞ്ഞു. 10 മില്യൺ ഡോളർ തലയ്ക്ക് വിലയിട്ട ഭീകരനാണ് ഹാഫിസ് സയീദ്. എന്നാൽ, ഇയാൾക്ക് പാക്കിസ്ഥാനിൽ വിലക്കൊന്നുമില്ല.
അതിനിടെ, ന്യൂഡൽഹിയിലുള്ള അംബാസിഡറെ പാക്കിസ്ഥാൻ ഉടൻ തിരിച്ചുവിളിക്കണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ ആവശ്യപ്പെട്ടു. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് കശ്മീരിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള വ്യാപാര, നയതന്ത്രബന്ധം ഉപേക്ഷിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. സംഘർഷത്തിൽ 49 പേരാണ് കൊല്ലപ്പെട്ടത്. സാർക്ക് ഉച്ചകോടിക്കായി പാക്ക് സർക്കാർ രാജ്നാഥ് സിങ്ങിനെ ക്ഷണിക്കാൻ പാടില്ല. അങ്ങനെ ക്ഷണിക്കുന്നതിലൂടെ കശ്മീരിലെ ജനങ്ങൾക്ക് തെറ്റായ സന്ദേസം നൽകുമെന്നും സലാഹുദ്ദീൻ പറഞ്ഞു.