പത്തനംതിട്ട ∙ വിഎസിനു നൽകിയ പദവി അദ്ദേഹത്തെ ഒതുക്കുന്നതിനു വേണ്ടി നൽകിയതാണെന്നും അദ്ദേഹം അത് ഏറ്റെടുക്കില്ല എന്നാണു കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പദവിക്ക് എന്തു പ്രാധാന്യമാണുള്ളത് എന്നറിയില്ല. പദവി അധികച്ചെലവ് ഉണ്ടാക്കുമെന്നതു സ്വാഭാവികമാണല്ലോ. അതിനപ്പുറം, വിഎസിനെ പോലെ രാഷ്ട്രീയ രംഗത്താകെയും സിപിഎമ്മിനു പ്രത്യേകിച്ചും ഒട്ടേറെ സംഭാവനകൾ നൽകിയ വിഎസിനെ പോലെ ഒരാളെ ഇങ്ങനെ ഒതുക്കാമോ എന്നതാണു ചോദ്യം. പദവി ഏറ്റെടുക്കണമോ എന്നത് അദ്ദേഹം തീരുമാനിക്കട്ടെ. അദ്ദേഹത്തിന്റെ വായ അടപ്പിക്കാനുള്ള ശ്രമമാണിത്. പക്ഷേ, അദ്ദേഹം വായടക്കില്ല എന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. സിപിഎമ്മിനകത്തുള്ള രാഷ്ട്രീയത്തിനു പൊതുജനം വില കൊടുക്കേണ്ടി വരരുത് എന്നും ചെന്നിത്തല പറഞ്ഞു.
പ്രസംഗം സംബന്ധിച്ച് ആർ.ബാലകൃഷ്ണ പിള്ള ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ അതേക്കുറിച്ചു മറ്റൊന്നും പറയുന്നില്ല. കേരള കോൺഗ്രസുമായുള്ള വിഷയങ്ങൾ സംബന്ധിച്ചു ചർച്ചയിലൂടെ പരിഹാരം കാണും. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകുമെന്നു തന്നെയാണു കരുതുന്നത്. തർക്കം പരിഹരിക്കാൻ ചുമതലയുള്ള ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ കർത്തവ്യം വിജയകരമായി തന്നെ പൂർത്തിയാക്കും, ചെന്നിത്തല പറഞ്ഞു.