ന്യൂഡൽഹി ∙ ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍. സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ സത്യവാങ്മൂലത്തില്‍ തല്‍ക്കാലം മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഭരണഘടനാ വിഷയങ്ങളും പരിഗണിക്കണമെന്ന് സംസ്ഥാനം അപേക്ഷിച്ചു. പുതിയ സത്യവാങ്മൂലം സമർപ്പിച്ചില്ല.
സ്ത്രീകളുടെ അവകാശത്തെ പിന്തുണയ്ക്കുമ്പോഴും വിശ്വാസങ്ങളെ മുറിപ്പെടുത്തേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നാണ് സൂചന. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് നീതിനിഷേധവും ഭരണഘടനാ ലംഘനവുമാണെന്നായിരുന്നു 2007ൽ എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ, ഈ സത്യവാങ്മൂലം കഴിഞ്ഞ ഫെബ്രുവരിയിൽ യുഡിഎഫ് സർക്കാർ പിൻവലിച്ചു. സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്.