റിയാദ് ∙ സൗദിയിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ മൂന്ന് ചാവേറാക്രമണങ്ങളിലെ പ്രതികളായ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 12 പേർ പാക്കിസ്ഥാനികളാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു ഭീകരവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
മദീനയിലെ പ്രവാചക പള്ളിക്ക് മുന്നിലടക്കം നടന്ന ചാവേറാക്രമണം മുസ്ലിം ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. ദമാമിനടുത്തെ ഖത്തീഫിലെ ഷിയാ പള്ളി, ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് എന്നിവിടങ്ങളിലാണ് മറ്റു രണ്ട് ആക്രമണങ്ങൾ നടന്നത്. മൂന്നിലും കൂടി ആകെ ഏഴ് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മദീനയിൽ മാത്രം നാല് സുരക്ഷാ ഭടന്മാർക്കാണ് ജീവൻ നഷ്ടമായത്.
മയക്കുമരുന്ന കേസുകളിലെ പ്രതിയായിട്ടുള്ള നാഇർ മൊസ്ലം ഹമ്മാദ് അൽ ബലവി(26)യാണ് ചാവേറാക്രമണങ്ങളുടെ സൂത്രധാരനാണെന്ന് തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. ഖത്തീഫിൽ ചാവേറാക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലിൽ മൂന്ന് പേരുടെ ശരീര ഭാഗങ്ങൾ കണ്ടെടുത്തു. ജിദ്ദയിലെ ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റിയാദിലെ യുഎസ് എംബസി അറിയിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോൺസുലേറ്റ് അന്ന് അവധിയായിരുന്നു. ജിദ്ദയിൽ പരുക്കേറ്റ പൊലീസുകാരെ ആഭ്യന്തര മന്ത്രി മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും തകർക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
courtesy : manorama online