ന്യൂഡൽഹി∙ ബി സാംപിൾ പരിശോധനയിലും പരാജയപ്പെട്ടതോടെ ഷോട്ട്പുട്ട് താരം ഇന്ദർജീത് സിങ്ങിന് റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മാസം 22ന് നടന്ന എ സാംപിൾ പരിശോധനയിൽ ഇന്ദർജീത് പരാജയപ്പെട്ടതായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) സ്ഥിരീകരിച്ചിരുന്നു.
രണ്ടാം പരിശോധനയിൽ പരാജയപ്പെട്ടതോടെ നാലുവർഷത്തെ വിലക്ക് ഇന്ദർജീത് സിങ് നേരിടേണ്ടി വരും. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തിതാരം നർസിങ് യാദവിനെ ഒളിംപിക്സിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നു. താരത്തിന്റെ അറിവോടെയോ, അശ്രദ്ധമൂലമോ അല്ല ഉത്തേജകം അകത്തുചെന്നതെന്നു തെളിയിച്ചാൽ ശിക്ഷയിൽനിന്നൊഴിവാക്കാമെന്ന ചട്ടമനുസരിച്ചാണ് മൽസരിക്കാൻ അനുവാദം നൽകിയത്.
റിയോ ഒളിംപിക്സിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്‌ലിറ്റാണു ഹരിയാനക്കാരനായ ഇന്ദർജീത് സിങ്. കഴിഞ്ഞ വർഷത്തെ ഫെഡറേഷൻ കപ്പിലായിരുന്നു യോഗ്യത നേടിയ പ്രകടനം. പിന്നീട് തുടർച്ചയായി മികച്ച പ്രകടനം നടത്തിയ ഇന്ദർജീത്, റിയോയിൽ ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന താരമാണ്. ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പ്, ഏഷ്യൻ അത്‌ലറ്റിക്സ് ഗ്രാൻപ്രി എന്നിവയിൽ സ്വർണം, ഏഷ്യൻ ഗെയിംസ് വെങ്കലം എന്നിവയാണു 28കാരന്റെ പ്രധാന നേട്ടങ്ങൾ.
ഇന്ത്യൻ ക്യാംപിൽ പങ്കെടുക്കാതെ സ്വന്തം പരിശീലകനു കീഴിലാണു ഇന്ദർജീത് സിങ് റിയോ ഒളിംപിക്സിനു തയാറെടുക്കുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ടാർജറ്റ് ഒളിംപിക് പോഡിയം പദ്ധതിയുടെ ഭാഗമായി അമേരിക്കയിലും പരിശീലനം നടത്തിയിരുന്നു