തിരുവനന്തപുരം∙ ദക്ഷിണ സുഡാനിൽനിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം തിരുവനന്തപുരത്തെത്തി. ആഭ്യന്തരയുദ്ധം രൂക്ഷമായതിനെത്തുടർന്നു ഭക്ഷണവും വെള്ളവുമില്ലാതെ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമസേനയുടെ സി 17വിമാനത്തിലാണ് രാവിലെ 4.15ന് തിരുവനന്തപുരത്തെത്തിച്ചത്. രണ്ടു നേപ്പാളികളെയും ഇന്ത്യൻസംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി റിട്ട. ജനറൽ വി.കെ. സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ സങ്കട് മോചൻ എന്നുപേരിട്ട രക്ഷാപ്രവർത്തനം.
550 ഇന്ത്യക്കാർ സുഡാനിലുണ്ടെന്നു വി.കെ സിങ് പറഞ്ഞു. 156പേർ എംബസി വഴി വിമാനത്തിൽ നാട്ടിലെത്തി. സ്വന്തമായി വീടും സ്ഥാപനങ്ങളുമുള്ളതിനാൽ 300 പേർ മടങ്ങിവരാൻ തയാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. ചിലർ സ്വന്തം ചിലവിലാണ് മടങ്ങിവരുന്നത്.