തിരുവനന്തപുരം∙ നേമത്ത് വോട്ടു കച്ചവടം നടന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. വോട്ടു കച്ചവടം നടന്നതായി അന്വേഷണ സമിതി കണ്ടെത്തിയിട്ടില്ല. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സമിതി ചെയര്‍മാന്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. മുന്നണികളായാല്‍ പ്രശ്നങ്ങളുണ്ടാകും. ഇതു ചര്‍ച്ചയിലൂടെ പരിഹരിക്കും. ബാര്‍കോഴ കേസിലെ കേരള കോണ്‍ഗ്രസ് എമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി സുധീരന്‍ പറഞ്ഞു.
ബിജെപി വിജയിച്ച നേമത്തു യുഡിഎഫ് വോട്ടുകൾ ബിജെപിക്കു മറിച്ചു എന്നു ബോധ്യപ്പെട്ടതായി അന്വേഷണ സമിതി കണ്ടെത്തിയതായിട്ടായിരുന്നു വാർത്തകൾ പുറത്തുവന്നത്. പത്തനംതിട്ടയിൽ റാന്നി, ആറന്മുള മണ്ഡലങ്ങളിലും സമാന വീഴ്ചകളുണ്ടായി. റാന്നിയിൽ ബിഡിജെഎസ് സ്ഥാനാർഥി കൂടുതൽ വോട്ടു പിടിച്ചാൽ യുഡിഎഫിനു ഗുണകരമാകുമെന്ന പ്രതീക്ഷ പാളി. ഭൂരിപക്ഷ വോട്ടുകൾ ഇങ്ങനെ പലയിടത്തും നഷ്ടപ്പെട്ടുവെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുള്ളതായി മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു.