സൗദിയിൽ മൂന്നിടത്ത് ഭീകരാക്രമണം: രണ്ടു മരണം

175
photo credit : manorama online

റിയാദ് ∙ മുസ്‌ലിംകളുടെ പുണ്യസ്ഥലമായ മദീനയിൽ ചാവേർ ആക്രമണത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സൗദിയിലെ തന്നെ ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ഖാത്തിഫ് എന്നിവിടങ്ങളിലും ചാവേർ ആക്രമണമുണ്ടായി. ജിദ്ദയിൽ പുലർച്ചെയും ഖാത്തിഫിലും മദീനയിലും സന്ധ്യയ്ക്കുമായിരുന്നു സ്ഫോടനങ്ങൾ. ജിദ്ദയിൽ യുഎസ് കോൺസുലേറ്റിനു സമീപവും കിഴക്കൻ പ്രവിശ്യയിലെ ഖാത്തിഫിൽ ഷിയ മസ്ജിദിനു സമീപവുമാണ് ആക്രമണമുണ്ടായത്.

മദീനയിൽ പ്രവാചകപ്പള്ളിയുടെ സുരക്ഷാ ആസ്ഥാനത്തിനു സമീപം രണ്ടു ചാവേറുകളാണു പൊട്ടിത്തെറിച്ചത്. ഖാത്തിഫിൽ ഷിയാ മസ്ജിദിനു മുൻപിൽ രണ്ട് ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായതായി ദൃക്സാക്ഷികൾ അറിയിച്ചു. മസ്ജിദിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്കു മുൻപുണ്ടായ ആദ്യസ്ഫോടനത്തിൽ തകർന്നു. ഉടനെ തന്നെ അടുത്ത സ്ഫോടനവുമുണ്ടായി. സ്ഥലത്തു കണ്ട ശരീരഭാഗങ്ങൾ ചാവേറിന്റേതാണെന്നു കരുതുന്നു.

ജിദ്ദ സ്ഫോടനത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു നിസ്സാര പരുക്കേറ്റു. മണിക്കൂറുകൾക്കകം മൂന്നു ബോംബ് സ്ഫോടനങ്ങൾ കൂടിയുണ്ടായതായും റിപ്പോർട്ടുണ്ട്. ആരും ഉത്തരവാദിത്തമേറ്റിട്ടില്ല.

കോൺസുലേറ്റിന് എതിർവശത്തെ ആശുപത്രിക്കു പുറത്ത് ഇന്നലെ പുലർച്ചെ 2.15നു കാർ പാർക്ക് ചെയ്ത ചാവേർ, സുരക്ഷാ ഉദ്യോഗസ്ഥർ സമീപമെത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കോൺസുലേറ്റിന് 20 മീറ്റർ അ‌കലെയുള്ള ചെക് പോസ്റ്റിനടുത്താണു സംഭവം.

NO COMMENTS

LEAVE A REPLY