തിരുവനന്തപുരം∙ സിനിമയിലെ സ്ത്രീവിരുദ്ധ രംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ, സീരിയലുകളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളും വച്ചുപൊറുപ്പിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി വനിതാ കമ്മിഷൻ.
സീരിയലുകളിൽ സ്ത്രീകൾക്കെതിരെയുള്ള മോശം പരാമർശങ്ങൾ വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ റോസക്കുട്ടി പറഞ്ഞു.
‘ഒരു ടിവി ഷോയിൽ സ്ത്രീകൾക്കെതിരെ മോശം പരാമർശം ഉണ്ടാകുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നു സീരിയലുകൾ ബന്ധപ്പെട്ടവർക്കുമുന്നിൽ നേരത്തെ സ്ക്രീൻ ചെയ്യണമെന്നും, സ്ക്രിപ്റ്റ് മുൻകൂട്ടി പരിശോധിക്കണമെന്നുമുള്ള നിർദേശം കമ്മിഷൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇതു വേണ്ടരീതിയിൽ നടപ്പിലായില്ല. ഈ വിഷയം ഗൗരവമായി എടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനുമാണ് വനിതാ കമ്മീഷൻ ആലോചിക്കുന്നത്’-റോസക്കുട്ടി പറഞ്ഞു.
സീരിയൽ രംഗത്തെ സംഘടനകളുമായി ചർച്ചനടത്തി തുടർനടപടി സ്വീകരിക്കാനാണ് കമ്മിഷൻ തീരുമാനിച്ചിരിക്കുന്നത്. മോശം നിലവാരത്തിലുള്ള സീരിയലുകൾ തലവേദനയായതോടെ തിരുവനന്തപുരത്തു മെഡിക്കൽ കോളേജിനടുത്തുള്ള പൊതുജനം റസിഡൻസ് അസോസിയേഷൻ സീരിയലുകൾ കാണേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. ഇതു വലിയ വാർത്താ പ്രാധാന്യവും നേടിയിരുന്നു.
സീരിയൽ സമയത്ത്, അസോസിയേഷനുള്ളിൽ കലാപരിപാടികൾ സംഘടിപ്പിച്ചും കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാൻ നൽകിയുമാണ് സീരിയലിനെ ഒഴിവാക്കായത്. ആദ്യഘട്ടത്തിൽ വിജയമായെങ്കിലും പിന്നീട് പദ്ധതി നിലച്ചുപോകുകയായിരുന്നു.