ന്യൂഡൽഹി∙ നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ മൂന്നു മന്ത്രിമാർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സൈക്കിളിൽ എത്തിയത് കൗതുകമായി. മന്ത്രിമാരായ അർജുൻ മേഘ്‍വാൾ, മൻസുഖ് മണ്ഡാവിയ, അനിൽ മാധവ് ദവെ എന്നിവരാണ് കാറുകൾ ഉപേക്ഷിച്ച് സൈക്കിളിൽ എത്തിയത്. മന്ത്രിമാർ സൈക്കിൾ ചവിട്ടിയെത്തിയപ്പോൾ കണ്ടുനിന്നവർക്കും അതൊരു വിസ്മയക്കാഴ്ചയായി.
അർജുൻ മേഘ്‍വാളാണ് സൈക്കിൾ ചവിട്ടി ആദ്യം രാഷ്ട്രപതി ഭവനിലെത്തിയത്. ഇതുകണ്ട മാധ്യമപ്രവർത്തകർ മന്ത്രിയായതിനുശേഷം സൈക്കിൾ യാത്ര തുടരുമോയെന്നു അദ്ദേഹത്തോട് ചോദിച്ചു. അതിന് അദ്ദേഹത്തിന്റെ മറുപടി- ഇപ്പോൾ ഞാനൊരു എംപിയാണ്. എന്റെ യാത്ര എങ്ങനെയായിരിക്കണമെന്നു എനിക്ക് തീരുമാനിക്കാം. എന്നാൽ മന്ത്രിയായിക്കഴിഞ്ഞാൽ പാർട്ടിയുടെയും കേന്ദ്രസർക്കാരിന്റെയും തീരുമാനത്തിനനുസരിച്ചായിരിക്കും പ്രവർത്തിക്കുക.
ഡൽഹി സർക്കാർ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം കൊണ്ടുവന്നപ്പോൾമുതൽ കാർ ഉപേക്ഷിച്ച് സഞ്ചരിക്കാൻ സൈക്കിൾ തിരഞ്ഞെടുത്ത ആദ്യവ്യക്തിയാണ് രാജസ്ഥാനിൽനിന്നുള്ള ലോക്സഭാ എംപിയും നിലവിൽ സർക്കാർ ചീഫ് വിപ്പുമായ മേഘ്‍വാൾ.
കഴിഞ്ഞ മൂന്നുവർഷമായി സൈക്കിളിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് ഗുജറാത്തിൽനിന്നുള്ള എംപിയായ മൻസുഖ് മണ്ഡാവിയ. നർമദ നദിയുടെ സംരക്ഷണത്തിനും ശുചീകരണത്തിനും വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് മധ്യപ്രദേശിൽനിന്നുള്ള അനിൽ ദവെ. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും മൂന്നു എംപിമാരും സജീവസാന്നിധ്യമാണ്.
courtesy : manorama online