അങ്കാറ∙ തുർക്കിയിൽ അധികാരം പിടിച്ചെടുക്കാൻ പട്ടാളത്തിലെ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ. തലസ്ഥാനമായ ഇസ്താംബൂളിൽനിന്നു സൈന്യത്തിന് നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് പുതിയ വിവരം. പ്രസിഡന്റ് തയിപ് എർദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പോരാടുകയാണ്.
അട്ടിമറിശ്രമത്തിനു കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങൾ പിടികൂടി പൊലീസിനെ ഏൽപ്പിച്ചതായും ചിലർ കീഴടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. പ്രധാനമന്ത്രി ബനാലി യിൽദിരിം പ്രത്യേക പാർലമെന്റ് യോഗം ഇന്നുച്ചയ്ക്കു വിളിച്ചുചേർത്തിട്ടുണ്ട്. അതേസമയം, ജനങ്ങളും വിമത സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെ 60 പേർ കൊല്ലപ്പെട്ടു.