അങ്കാറ∙ ജനങ്ങൾ പരിഭ്രമിക്കേണ്ടതില്ലെന്നും ജനാധികാരത്തിനുമുകളിൽ മറ്റൊരു അധികാരവുമില്ലെന്നും തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. സർക്കാരാണ് ഇപ്പോഴും അധികാരത്തിലുള്ളത്. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ചങ്ങല ലംഘിക്കപ്പെട്ടു. അട്ടിമറി ശ്രമത്തിനു പിന്നിൽ പ്രവർത്തിച്ചവർ വലിയവില കൊടുക്കേണ്ടിവരും. തെരുവുകളിലും പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും ഇറങ്ങിച്ചെന്ന് ന്യൂനപക്ഷമായ സൈന്യത്തെ എതിർക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
അതേസമയം, പട്ടാള നടപടിയുടെ സമയത്ത് രാജ്യത്തില്ലാതിരുന്ന പ്രസിഡന്റ് ഇന്ത്യൻ സമയം ഇന്നു പുലർച്ചെ സ്ഥലത്തെത്തി. എർദോഗന്റെ വിമാനം എത്തിയതിനുപിന്നാലെ ഇസ്താംബൂളിലെ അതാതുർക്ക് വിമാനത്താവളത്തിൽ വലിയ സ്ഫോടനശബ്ദം കേട്ടതായി രാജ്യാന്തരമാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇന്നലെ അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തി. ഭരണം പിടിച്ചെടുത്തതായി സൈന്യം അറിയിക്കുകയായിരുന്നു.
courtesy : manorama online