തുർക്കിയിൽ വധശിക്ഷ പുനഃസ്ഥാപിക്കാൻ നീക്കം

176

അങ്കറ ∙ തുർക്കിയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനു പിന്നാലെ രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിക്കാൻ നീക്കം. വധശിക്ഷ പുനഃസ്ഥാപിക്കണമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നും പ്രസിഡന്‍റ് തയീപ് എർദോഗൻ അഭിപ്രായപ്പെട്ടു. ‘ജനാധിപത്യത്തിൽ തീരുമാനങ്ങൾ ജനങ്ങൾ പറയുന്നത് അനുസരിച്ചാണ്. എനിക്ക് തോന്നുന്നത് ഞങ്ങളുടെ സർക്കാർ പ്രതിപക്ഷവുമായി ചർച്ച നടത്തി വേഗം തീരുമാനമെടുക്കുമെന്നാണ്’– തയീപ് പറഞ്ഞു.

കാര്യങ്ങൾ അധികം വൈകിപ്പിക്കാൻ സാധിക്കില്ല. സൈനിക അട്ടിമറിക്ക് ശ്രമിച്ചവർ അതിനുള്ള വില നൽകേണ്ടി വരുമെന്നും പ്രസിഡന്റ് പറഞ്ഞു. വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആയിരക്കണക്കിന് ആളുകളാണ് ആവശ്യപ്പെടുന്നത്. 2004ലാണ് തുര്‍ക്കിയില്‍ വധശിക്ഷ നിര്‍ത്തലാക്കിയത്. വെള്ളിയാഴ്ച അർധരാത്രിയാണ് സൈന്യത്തിലെ ഒരു വിഭാഗം പ്രസിഡന്റ് തയീപ് എർദോഗൻ നേതൃത്വം നൽകുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തിയത്.

എന്നാൽ, തെരുവിലിറങ്ങിയ ജനങ്ങളുടെ പിന്തുണയോടെ സർക്കാർ അനുകൂല സൈന്യം അട്ടിമറിശ്രമം വിഫലമാക്കി. 265 പേരെങ്കിലും അക്രമങ്ങളിൽ കൊല്ലപ്പെട്ടു. നീക്കം പരാജയപ്പെട്ടതിനു പിന്നാലെ മുതിർന്ന സൈനിക ഓഫിസർമാർ ഉൾപ്പെടെ ആറായിരത്തോളംപേർ അറസ്റ്റിൽ. ഇതിൽ 2745 പേർ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരുമാണ്. 43 സൈനിക ജനറൽമാരും തടവിലാണ്.

NO COMMENTS

LEAVE A REPLY