ബജറ്റ് ചർച്ച :തോമസ് ഐസക്കും ഉമ്മൻചാണ്ടിയും തമ്മിൽ നേർക്കുനേർ സംവാദം

336

തിരുവനന്തപുരം∙ ബജറ്റിലെയും ധവളപത്രത്തിലെയും കണക്കുകൾ നിരത്തി നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്കും ഉമ്മൻചാണ്ടിയും തമ്മിൽ സംവാദം. സർക്കാർ ധനപ്രതിസന്ധിയിലെന്നു സ്ഥാപിക്കാൻ ഐസക്കും അങ്ങനെയല്ലെന്നു തെളിയിക്കാൻ ഉമ്മൻചാണ്ടിയും മുൻപ് പലവട്ടം പ്രസ്താവന യുദ്ധം നടത്തിയിരുന്നെങ്കിലും ആദ്യമായിരുന്നു നേർക്കുനേർ പോര്. സ്പീക്കർ ഇടപെട്ടു തണുപ്പിക്കും വരെ ഇരുവരും ഏറ്റുമുട്ടൽ തുടർന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ബജറ്റ് ചർച്ചയിലെ അവസാന പ്രസംഗകൻ. പതിമൂന്നാം നമ്പർ കാറോ മൻമോഹൻ ബംഗ്ലാവോ കാരണമല്ല, ഇൗ യാഥാർഥ്യ ബോധമില്ലാത്ത ബജറ്റു കാരണമായിരിക്കും അങ്ങു വീണുപോവുക എന്നായിരുന്നു രമേശിന്റെ പ്രവചനം. കുടുംബങ്ങൾ തമ്മിലെ ഭാഗാധാരത്തിന്റെ മുദ്രപ്പത്ര നിരക്കു പരിധി എടുത്തു കളഞ്ഞതു പിൻവലിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പിന്നാലെയായിരുന്നു ഐസക്കിന്റെ മറുപടി പ്രസംഗം.

ബജറ്റിനു പുറത്തു നിന്നു വായ്പയെടുക്കുന്നതിനെ എതിർക്കുന്ന പ്രതിപക്ഷം, കഴിഞ്ഞ ഭരണകാലത്ത് മെട്രോ റെയിലിനു വായ്പ എടുത്തത് എവിടെ നിന്നാണെന്ന് മന്ത്രി ചോദിച്ചു. ജപ്പാനിൽ നിന്ന്. നിങ്ങൾക്ക് ആകാമെങ്കിൽ ഞങ്ങൾക്ക് ആയിക്കൂടേ? ഉമ്മൻചാണ്ടിക്ക് ഇത് അറിയാം അതാണ് അദ്ദേഹം മിണ്ടാത്തത്. ബാക്കിയെല്ലാവരും പറഞ്ഞാലും ഉമ്മൻചാണ്ടി പറയില്ല. രണ്ടു ശമ്പള കമ്മിഷനുകളുടെ ബാധ്യത ഏറ്റെടുക്കേണ്ടി വന്നെന്നു നിങ്ങൾ പറയുന്നു. അവസാന ശമ്പള കമ്മിഷന്റെ ഒരു മാസത്തെ ബാധ്യത മാത്രമല്ലേ നിങ്ങൾക്കു വന്നിട്ടൂള്ളൂ. ബാക്കിയെല്ലാം അടുത്ത വർഷം കുടിശിക തീർത്തു കൊടുക്കേണ്ടത് ഞങ്ങളല്ലേ? ധവളപത്രത്തിൽ എല്ലാ കണക്കും പറയുന്നില്ലെന്ന് ആരോപിക്കുന്നു. ധവളപത്രം എന്നാൽ ഒരു വാദം സ്ഥാപിക്കാനുള്ള രേഖയാണെന്നും അല്ലാതെ സമഗ്ര വിവരങ്ങൾ അടങ്ങിയ ബ്ലൂ ബുക്ക് അല്ലെന്നും ഐസക് പറഞ്ഞതോടെ ഉമ്മൻചാണ്ടി എഴുന്നേറ്റു.

നികുതി വരുമാനത്തെക്കുറിച്ചു പറയുമ്പോൾ നികുതിയിതര വരുമാനത്തെക്കുറിച്ചും പറയണ്ടേ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ചോദ്യം. നികുതിയിതര വരുമാനത്തിൽ 336% വർധന ഉണ്ടായിട്ടും അതു ധവളപത്രത്തിൽ നിന്ന് ഒഴിവാക്കി. ഐസക്ക് പറയുന്നതൊന്നും തെറ്റാണെന്നു ഞാൻ പറയില്ല. പക്ഷേ, ഐസക്കിന് ആവശ്യമുള്ള കണക്കു മാത്രമേ പറയൂ. അതാണു കുഴപ്പം – ഉമ്മൻചാണ്ടി പറഞ്ഞു. ‘നികുതിയിതര വരുമാനം വർധിപ്പിച്ചതിന് അഭിനന്ദനങ്ങൾ’ തോമസ് ഐസക് വിളിച്ചു പറഞ്ഞു. ഉമ്മൻചാണ്ടി തുടർന്നു. ലോട്ടറി വരുമാനം 27 ഇരട്ടി വർധിച്ചിട്ട് അതിനെക്കുറിച്ചും മിണ്ടിയില്ല. പക്ഷേ, നികുതിയിതര വരുമാനം വർധിച്ചിട്ടും റവന്യു കമ്മി കൂടിയില്ലേ എന്നായി ഐസക്.

ഉടൻ ഉമ്മൻചാണ്ടി: ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചറും പ്ലാൻ എക്സ്പെൻഡിച്ചറും വർധിച്ചു. അതു കൂടി നോക്കണം. ഇന്നു ചെയ്യേണ്ട പ്രവൃത്തി നാളെ ചെയ്താൽ എത്ര മടങ്ങാണ് ചെലവു കൂടുക

ഐസക്: നിങ്ങൾ ചെയ്യാനുള്ളത് ചെയ്യ്. പക്ഷേ, വരുമാനം കൂടി വർധിപ്പിച്ചിട്ടു ചെയ്യ്. പ്രഖ്യാപിച്ചതു വല്ലതും സമയത്തിനു ചെയ്യാനായോ എന്നു കൂടി നോക്ക്. ഇൗ സർക്കാർ വന്ന ശേഷം ജൂണിൽ 19 ശതമാനമാണു നികുതി വരുമാനം വർധിച്ചത്.

ഉമ്മൻചാണ്ടി: അതാണു ഞാൻ പറഞ്ഞത്, ഐസക്കിന് ആവശ്യമുള്ള കണക്കേ ഐസക് എടുക്കൂ. ഏപ്രിൽ, മേയ്, ജൂണിലെ കണക്ക് ഒരുമിച്ച് എടുത്ത് പരിശോധിക്ക്. ഏപ്രിലിൽ തിരഞ്ഞെടുപ്പു കാരണം നികുതി പിരിവു നടന്നില്ല. അതു കഴിഞ്ഞപ്പോൾ മുടങ്ങിയ നികുതി കൂടി ചേർത്ത് ഒറ്റയടിക്കു കൂടുതൽ വരവുണ്ടായി. അങ്ങനെയാണു ജൂണിൽ വർധിച്ചത്.

ഐസക്: ഞാൻ പറഞ്ഞതു ഞങ്ങൾ വന്ന ശേഷമുള്ള കണക്കാണ്. സ്പീക്കർ ഇടപെട്ടതോടെ മന്ത്രി തർക്കം അവസാനിപ്പിച്ചു പ്രസംഗം തുടർന്നു. വി.എസ്.അച്യുതാനന്ദൻ, എം.വിൻസന്റ്, ഗീതാ ഗോപി, ടി.എ.അഹമ്മദ് കബീർ, തോമസ്ചാണ്ടി, ഒ.ആർ.കേളു, പി.ജെ. ജോസഫ്, എൽദോ ഏബ്രഹാം, ഒ.രാജഗോപാൽ, സി.കൃഷ്ണൻ, പി.ഉബൈദുല്ല, കെ.വി.അബ്ദുൽ ഖാദർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY