ഭീകരൻ ഹാഫിസ് മുഹമ്മദിന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു

173

സൻഫ്രാൻസിസ്കോ ∙ ഇന്ത്യാവിരുദ്ധ പരാമർശങ്ങളെ തുടർന്ന് ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദിന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്തു. ‘ഹാഫിസ്‌സയീദ്‌ലൈവ്’ എന്ന അക്കൗണ്ടാണ് നീക്കം ചെയ്തത്. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കശ്മീരിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ബുർഹാൻ വാനിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാഫിസ് സയീദിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണങ്ങൾ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ട്വിറ്ററിന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സയീദിന്റെ ട്വിറ്റർ ഹാൻഡിൽ സസ്പെൻഡ് ചെയ്തത്.

ചൊവ്വാഴ്ച രൂക്ഷമായ ഭാഷയിലാണ് സയീദ് കശ്മീർ വിഷയത്തിൽ പ്രസംഗിച്ചത്. കശ്മീരിലെ ജനങ്ങൾ തെരുവിലാണ്. ഈ പ്രതിഷേധം വലിയൊരു നീക്കമാകും. കശ്മീരിലെ എല്ലാ ഗ്രൂപ്പുകളും ഒരുമിക്കും. ഹുറിയത്തിന്റെ എല്ലാ ചിറകുകളും ഒന്നാകും. കശ്മീരിൽ ജീവൻ നഷ്ടമായവരുടെ മരണം വെറുതെയാകില്ലെന്നും ഹാഫിസ് സയീദ് പറഞ്ഞു. കശ്മീരിലെ സംഘർഷത്തിൽ ഇതുവരെ 37 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY